ന്യൂദല്‍ഹി: ഇന്ത്യ സഖ്യത്തിലെ തങ്ങളുടെ പാര്‍ട്ടിയുടെ പങ്കാളിത്തം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ കത്തിന് മറുപടി നല്‍കിയില്ലെന്ന ആരോപണവുമായി വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍.
ഇന്ത്യ സഖ്യത്തില്‍ ചേരുന്നതിനായി വി.ബി.എ മുന്നോട്ടുവന്നില്ലെന്ന് കോണ്‍ഗ്രസ് നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ടെന്നും സെപ്റ്റംബര്‍ ഒന്നിനാണ് ഇതുസംബന്ധിച്ച് താന്‍ കത്തെഴുതിയതെന്നും പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
കത്ത് നേരിട്ട് കൈമാറുകയും ഇമെയ്‌ലിലും കോണ്‍ഗ്രസ് വെബ്‌സൈറ്റിലൂടെയും അയച്ചിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ സഖ്യത്തില്‍ ചേരാനുള്ള ഉപാധികളും നിബന്ധനകളും കത്തില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവസാനം വരെ കോണ്‍ഗ്രസിന്റെ ക്ഷണത്തിനായി കാത്തിരിക്കാനാണ് വി.ബി.എയുടെ തീരുമാനമെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ലാത്തൂര്‍, ബീഡ്, സതാറ, സതാന അടക്കമുള്ളിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുമെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
മഹാ വികാസ് അഘാഡി ഘടകകക്ഷികളായ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന (യു.ബി.ടി) എന്നിവയ്ക്കിടയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു യോഗവും നടന്നിട്ടില്ലെന്നും അവര്‍ക്കിടയില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രകാശ് അംബേദ്കര്‍ ഇതുവരെ മൂന്നുതവണ ലോക്‌സഭ അംഗമായിട്ടുണ്ട്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിലേര്‍പ്പെട്ട് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങിയ വഞ്ചിത് അഘാഡി 37, 43, 200 വോട്ടുകള്‍ സമാഹരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ദലിത്, പിന്നാക്ക വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു.
Content Highlights: Didn’t get a reply from congress about participating in INDIA alliance, alleges Prakash Ambedkar