2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം മൂന്ന് വര്‍ഷം സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് നടി സുരഭി ലക്ഷ്മി. ഇതിനിടെ ഒന്നോ രണ്ടോ സിനിമ വന്നെന്നും എന്നാല്‍ കൊമേഷ്യല്‍ സിനിമ പൂര്‍ണമായും അകലം പാലിക്കുകയായിരുന്നെന്നും സുരഭി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് ലഭിച്ച ശേഷവും ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് നിരാശപ്പെടുന്നില്ലെന്നും എത്ര ചെറിയ വേഷമാണെങ്കിലും ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്നും ഇവിടെ ഉണ്ടെന്ന് അറിയിക്കുകയാണെന്നും സുരഭി പറയുന്നു.
ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം അഭിനയിച്ച സിനിമകളില്‍ എനിക്ക് രണ്ടോ മൂന്നോ സീന്‍ കൂടുതലായി കിട്ടി. അതാണ് ഉണ്ടായ ഏക മാറ്റം. ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം ജീവിതം മാറിയിട്ടില്ല. അവാര്‍ഡ് ലഭിക്കുമ്പോള്‍ ആഘോഷമാണ്. പിന്നീട് ഞാനെന്ന വ്യക്തിക്കും നടിക്കും ഊര്‍ജ്ജം പകരാന്‍ മാത്രമുള്ളതാകുന്നു അവാര്‍ഡുകള്‍, സുരഭി പറയുന്നു.
‘ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന്’ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അനുമോദിച്ച ശേഷം നടനും കപ്പേള സിനിമയുടെ സംവിധായകനുമായ മുഹമ്മദ് മുസ്തഫ പറഞ്ഞിരുന്നു. ഒന്നും പ്രതീക്ഷിക്കരുത്. നമ്മള്‍ നായകനും നായികയുമല്ല നാടകത്തില്‍ നിന്നാണ് വരവ്. ഗോഡ്ഫാദറില്ല. എന്നായിരുന്നു മുസ്തഫ പറഞ്ഞത്. എനിക്കു മുന്‍പേ ദേശീയ അവാര്‍ഡ് ജേതാവാണ് മുസ്തഫ. തുടര്‍ന്നും ആത്മാര്‍ത്ഥതയോടെ നിരന്തരമായി ജോലി ചെയ്യണമെന്നും മുസ്തഫ ഉപദേശിച്ചിരുന്നു.
തളര്‍ന്നുപോകുന്ന സമയത്തേക്കുള്ള ഊര്‍ജ്ജമാണ് പുരസ്‌കാരമെന്ന് ഞാനും ഇപ്പോള്‍ തിരിച്ചറിയുകയാണ്. 2016 ലാണ് ദേശീയപുരസ്‌കാരം ലഭിക്കുന്നത്. അതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സുരഭി പറഞ്ഞു.
ഇപ്പോള്‍ അനൂപ് മേനോന്റെ പത്മ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സുരഭി. ആദ്യമായി കൊമേഴ്‌സ്യല്‍ സിനിമയില്‍ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക