|

സെഞ്ച്വറി നേടിയില്ല പക്ഷെ റെക്കോഡുകള്‍ വാരിക്കൂട്ടി; കരിയറില്‍ പുതിയ മൈല്‍സ്റ്റോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ 29ാം മത്സരത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം മുറുകിയിരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു ഇന്ത്യയുടേത്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യയുടെ ഈ ലോകകപ്പിലെ ഏറ്റവും മോശം തുടക്കമാണിത്.

എന്നാല്‍ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കാന്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ്. 101 പന്തില്‍ മൂന്ന് സിക്സറും 10 ബൗണ്ടറികളുമടക്കം 87 റണ്‍സ് അടിച്ചെടുത്താണ് രോഹിത് ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ചില റെക്കോഡുകളും രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിന ലോകകപ്പില്‍ രോഹിത് 18000 റണ്‍സ് തികച്ചതോടൊപ്പം 2023 ഒ.ഡി.ഐയില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരവുമാകുകയാണ്. 2023 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചതും കൂടുതല്‍ സിക്സറുകളടിക്കുന്നതും രോഹിത് തന്നെ. ഒരു ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കൂടുതല്‍ സിക്സറുകളും രോഹിതിന്റെ പേരില്‍ തന്നെ.

ഇന്ത്യക്ക് 26 റണ്‍സ് എന്ന നിലയില്‍ ഗില്ലിനെ നഷ്ടപ്പെട്ടപ്പോള്‍ 27 റണ്‍സിനാണ് കോഹ്ലിയേയും നഷ്ടമായത്. തുടക്കത്തില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിര ഇന്ത്യയെ അടിമുടി ഉലച്ചപ്പോഴും ഇന്ത്യന്‍ നായകന്‍ തന്റെ ആത്മവിശ്വാസം കെടാതെ സൂക്ഷിക്കുകയായിരുന്നു. ഒടുക്കം 36.4 ഓവറില്‍ ഇന്ത്യ 164 റണ്‍സില്‍ എത്തിനില്‍ക്കുമ്പോള്‍ ആദില്‍ റഷീദിന്റെ പന്ത് ഉയര്‍ത്തിയടിച്ച രോഹിത് ലിയാം ലിവിങ്സ്റ്റണ്‍ന്റെ സാഹസികമായ ക്യാച്ചിലാണ് പുറത്തായത്.

കോഹ്ലിക്ക് ശേഷം വന്ന ശ്രേയസ് അയ്യര്‍ 16 പന്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. ഗില്ലിനെ വീഴ്ത്തിയ അതേ വോക്സ് തന്നെയായിരുന്നു അയ്യരേയും കുരുക്കിയത്. തുടര്‍ന്ന് രോഹിതും രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട റണ്‍സിലേക്ക് ടീമിനെ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്ലി എറിഞ്ഞ പന്തില്‍ രാഹുലിനേയും നഷ്ടപ്പടുകയായിരുന്നു. 58 പന്തില്‍ 39 റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നിന്നും 49 റണ്‍സെടുത്ത് ടീമിനെ ഉയര്‍ന്ന സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു.

കനത്ത തോല്‍വികളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ടിന് ഈ മത്സരം നിര്‍ണായകമാണ്. നിലവില്‍ 22.2 ഓവര്‍ പിന്നിടുമ്പോള്‍ 79 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട്.

Content Highlights: Didn’t get a century but broke records; Rohit Sharma’s new milestone in career