തിരുവനന്തപുരം: ചൊറിച്ചില്‍ വരുത്താന്‍ താത്പര്യമില്ലാത്തതിനാല്‍ കുംഭമേള സന്ദര്‍ശിച്ചപ്പോള്‍ കുളിക്കാനിറങ്ങിയില്ലെന്ന് ഫുട്ബോള്‍ താരം സി.കെ വിനീത്. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുംഭമേളയില്‍ താന്‍ പോയപ്പോള്‍ കണ്ടത് വലിയ ആള്‍ക്കൂട്ടത്തെ ആണെന്നും തനിക്കവിടെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊറിപിടിച്ച് തിരിച്ചുവരാന്‍ താത്പര്യമില്ലാത്തതിനാല്‍ കുംഭമേളയില്‍ കുളിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും അത്രയും വൃത്തിയില്ലാത്ത വെള്ളമായിരുന്നു അതിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുനിന്ന് കാണുന്നത് പോലെ കുംഭമേള വലിയ സംഭവമാണെന്ന് കരുതിയാണ് പോയതെന്നും എന്നാല്‍ തന്റെ അനുഭവത്തില്‍ കുംഭമേള ഭയങ്കരമായ സംഭവമൊന്നുമല്ലെന്നും വലിയ തോതിലുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലം മാത്രമാണതെന്നും സി.കെ വിനീത് പറഞ്ഞു.
നിങ്ങളൊരു വിശ്വാസിയാണെങ്കില്‍ അവിടെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുണ്ടാവുമെന്നും അതല്ലാതെ പ്രത്യേകിച്ച് കാണാനോ ചെയ്യാനോ ഒന്നും അവിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് അഖാഡകളും നാഗസന്യാസിമാരെയും അവിടെ കാണാമെന്ന് പറഞ്ഞ വിനീത് മറ്റൊരു ഭാഗത്ത് കുളിക്കാന്‍ വന്ന ജനങ്ങള്‍, അവരുടെ ജീവിതം, അവര്‍ നില്‍ക്കുന്ന രീതി, അവരുടെ താമസമൊക്കെ കാണാന്‍ സാധിക്കുമെന്നും പറഞ്ഞു.
അത് കഴിഞ്ഞാല്‍ അവിടെ ജനങ്ങള്‍ വരുമെന്ന് അറിഞ്ഞ് ഉപജീവനത്തിനായി വരുന്ന പല തരം മനുഷ്യരെയും കാണാമെന്നും അങ്ങനെ പലവിധമാള്‍ക്കാരാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ആകര്‍ഷിച്ചത് ഇവരാണെന്നും അല്ലാതെ നാഗസന്യാസിമാരോ വസ്ത്രമുടുക്കാതെ നടക്കുന്ന ആളുകളോ അല്ലെന്നും സി.കെ വിനീത് പറഞ്ഞു.
അതേസമയം അത്തരം കച്ചവടക്കാരുടെ അടുത്ത് ആരും പോവില്ലെന്നും വൃത്തിയുടെയും സൗകര്യത്തിന്റെയും സാഹചര്യത്തിന്റെയും പ്രശ്‌നങ്ങള്‍ അവിടെയുണ്ടെന്നും വലിയ തരത്തിലുള്ള പി.ആര്‍ അതിന് നല്‍കിയിട്ടും അതിനനുസരിച്ചുള്ള താമസ സൗകര്യങ്ങളോ മറ്റോ നല്‍കുന്നില്ലെന്നും സി.കെ വിനീത് പറഞ്ഞു.
മരത്തിന്റെ ചുവട്ടിലും ടെന്റിനടിയിലുമെല്ലാമാണ് ആയിരത്തോളം ആളുകള്‍ കിടക്കുന്നതെന്നും അപ്പോഴും അവര്‍ നരേന്ദ്രമോദി കീ ജയ്, യോഗി കീ ജയ് എന്നുതന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പി.ആര്‍ വര്‍ക്കില്‍ പറയുന്നത് വേറെയും എക്‌സ്പീരിയന്‍സ് ചെയ്യുന്നതും റിയാലിറ്റിയും വേറെ കാര്യങ്ങളെന്നും പറഞ്ഞ സി.കെ വിനീത് ചിത്രങ്ങളും മറ്റും വഴി കാണിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും അവിടെ കാണാന്‍ കഴിയുമെന്നും പറഞ്ഞു.
Content Highlight: didn’t bathe when went to the Kumbh Mela because didn’t want to come back with scabies: C.K. Vineeth