| Thursday, 9th September 2021, 4:13 pm

എ.ഐ.സി.സിയില്‍ സ്ഥാനം കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്; മാധ്യമങ്ങളോട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം ആവശ്യമില്ലെന്നും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും രമേശ് ചെന്നിത്തല. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും സ്ഥാനം തരാമെന്ന് പറഞ്ഞിട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എ.ഐ.സി.സിയില്‍ സ്ഥാനം കിട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത നല്‍കി തന്നെ അപമാനിക്കരുതെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ കാലാകാലമായുള്ള ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഡി.സി.സി പുനസംഘടനയെച്ചൊല്ലി രൂക്ഷമാവുകയായിരുന്നു. ജനറല്‍ സെക്രട്ടറിമാരടക്കമുള്ള നേതാക്കള്‍ ഡി.സി.സി അധ്യക്ഷ പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പട്ടികയോടുള്ള തങ്ങളുടെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

കെ.പി.സി.സിയടക്കം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞത്. അനുനയ ചര്‍ച്ചകള്‍ ഫലവത്തായെന്നും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

പുനസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭാവനില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്. ഇതോടെ കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിച്ചു എന്ന് ചെന്നിത്തല മാധ്യമങ്ങളോടും പറഞ്ഞു.

അതേ സമയം നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിഷത്തിനും തടസ്സ ഹരജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

എന്നാല്‍ പ്രസ്തുത കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ്സ ഹരജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ട് എന്നും, പ്രോസിക്യൂഷന്‍ നിലപാട് പരിശോധിക്കണമെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Chennithala  Congress AICC

Latest Stories

We use cookies to give you the best possible experience. Learn more