'മെസിയെക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോ; അതാരും അംഗീകരിച്ച് തരില്ല'; അഭിപ്രായ പ്രകടനവുമായി ഇതിഹാസ താരം
Football
'മെസിയെക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോ; അതാരും അംഗീകരിച്ച് തരില്ല'; അഭിപ്രായ പ്രകടനവുമായി ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 7:21 pm

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ട താരം ആരെന്ന് ചൂണ്ടിക്കാട്ടി ചെല്‍സി ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ. മെസിയെക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോയാണെന്നും എന്നാല്‍ എല്ലാവരും അത് അംഗീകരിച്ച് തരില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്ക് മാത്രമല്ല, മെസിയെക്കാള്‍ മികച്ചത് റൊണാള്‍ഡോയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ എല്ലാവരും അത് അംഗീകരിച്ച് തരില്ല,’ ദ്രോഗ്ബ പറഞ്ഞു.

ദ്രോഗ്ബ ചെല്‍സിക്കായി ബൂട്ടുകെട്ടുമ്പോള്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുകയായിരുന്നു റൊണാള്‍ഡോ. എന്നിരുന്നാലും, ഇരുവര്‍ക്കുമിടയില്‍ മികച്ച സൗഹൃദം ഉടലെടുത്തിരുന്നു. യുവേഫ ചാമ്പ്യന്‍സില്‍ കുറഞ്ഞ അവസരങ്ങളില്‍ ദ്രോഗ്ബ മെസിയെയും നേരിട്ടിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

അതേസമയം, മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്. ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്‌സിയിലാണ് മെസി കളിക്കുക.

Content Highlights: Didier Drogba praises Cristiano Ronaldo