നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിനെ ആവേശകരമായ കുതിപ്പിലേക്കാണ് പരിശീലകനായ ദിദിയർ ദെഷാംപ്‌സ് നയിക്കുന്നത്. കരിം ബെൻസെമ, പോൾ പോഗ്ബ എന്നിവരടക്കം ഏഴോളം പ്രധാന താരങ്ങൾ ടൂർണമെന്റിന് മുൻപേ തന്നെ നഷ്‌ടമായെങ്കിലും ഒരു വീഴ്ചയും വരുത്താതെയാണ് കോച്ച് ടീമിനെ മുന്നോട്ട് നയിക്കുന്നത്.
ഈ ലോകകപ്പിന് ശേഷം ഫ്രാൻസിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ദെഷാംപ്‌സ് ഒഴിയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫ്രാൻസ് ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായാൽ അതിനുള്ള സാധ്യതയും കൂടുതലായിരുന്നു.
എന്നാൽ ടീം മികച്ച പ്രകടനം നടത്തി സെമി ഫൈനൽ വരെയെത്തിയതോടെ ദെഷാംപ്‌സ് പരിശീലകസ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. 2024 വരെ ഫ്രാൻസ് പരിശീലകനായി ദെഷാംപ്‌സ് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പറയുന്നത്.
ഫ്രാൻസ് ഈ ലോകകപ്പിന്റെ സെമി ഫൈനലിൽ പുറത്തു പോയാലും അദ്ദേഹം തുടരുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ലെന്നും റിപ്പോർട്ടിലുണ്ട്. 2016ൽ യൂറോ കപ്പിന്റെ ഫൈനൽ വരെയെത്തി കിരീടം പോർച്ചുഗലിന് മുന്നിൽ അടിയറവു വെച്ച ദെഷാംപ്‌സിന് 2020 യൂറോ കപ്പിലും കിരീടം നേടാൻ സാധിച്ചിരുന്നില്ല. 2024 വരെ ഫ്രാൻസിനൊപ്പം തുടരുന്നതിലൂടെ യൂറോ കിരീടം കൂടി സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം ദെഷാംപ്‌സ് ഫ്രാൻസ് ടീമിൽ നിന്നും പുറത്തു പോകാൻ വൈകുന്നത് ടീമിന്റെ ഇതിഹാസതാരമായ സിനഡിൻ സിദാന്റെ കാത്തിരിപ്പ് നീളാൻ കാരണമാകും. ഫ്രാൻസ് ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുക്കുമെന്നും അതിനു വേണ്ടിയാണ് അദ്ദേഹം പി.എസ്.ജി മാനേജർ സ്ഥാനം നിരസിച്ചതെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് ഖത്തർ ലോകകപ്പ് സെമിയിൽ കടന്നത്. 17ാം മിനിറ്റിൽ ചൗമെനിയാണ് ഫ്രാൻസിനുവേണ്ടി ആദ്യം വല കുലുക്കിയത്.
അമ്പത്തിനാലാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനിലഗോൾ നേടിക്കൊടുത്തു. എഴുപത്തിയെട്ടാം മിനിറ്റിൽ ഒളിവർ ജിറൂഡ് ഫ്രാൻസിനായി രണ്ടാമത്തെ ഗോൾ നേടി.
എൺപത്തിരണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിന് അടുത്ത പെനാൽറ്റി ലഭിച്ചു. എന്നാൽ, ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ പെനാൽറ്റി പാഴാക്കി വില്ലനായി മാറി. ഫ്രാൻസിന്റെ ആറാം സെമി ലോകകപ്പ് പ്രവേശനവും തുടർച്ചയായ രണ്ടാം ലോകകപ്പ് സെമി പ്രവേശനവുമാണ്.
റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയോട് സെമിയിൽ തോൽവി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുൻപ് ക്വാർട്ടറിൽ പുറത്തായത്.
ഡിസംബർ 15ന് രാത്രി 12.30ന് ഫ്രാൻസ് മൊറോക്കയെ നേരിടും.
Content Highlights: Didier Deschamps, Zinadin Zidane, France