ഈ കാത്തിരിപ്പിന് ഒരന്ത്യം ഉണ്ടാകില്ലേ? സൂപ്പർ കോച്ചിന്റെ കരാർ പുതുക്കി ഫ്രാൻസ്
Football
ഈ കാത്തിരിപ്പിന് ഒരന്ത്യം ഉണ്ടാകില്ലേ? സൂപ്പർ കോച്ചിന്റെ കരാർ പുതുക്കി ഫ്രാൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 4:25 pm

ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ദിദിയർ ദെഷാംപ്സ് ഒഴിയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഫ്രാൻസ് ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്താവുകയാണെങ്കിൽ അതിനുള്ള സാധ്യതകൾ കൂടുതലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും 2026 ലോകകപ്പിലും ഫ്രാൻസിൻറെ പരിശീലകനായി ദിദിയർ ദെഷാംപ്സ് തുടരുമെന്ന റിപ്പോർട്ടകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 ജൂൺ വരെ ദെഷാംപ്സിന്റെ കരാർ നീട്ടിയ വിവരം ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ അറിയിക്കുകയായിരുന്നു.

ഇതോടെ ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ദെഷാംപ്സ് പുറത്തുപോവുമെന്നും സിനദിൻ സിദാൻ ഫ്രാൻസിൻറെ കോച്ചായി എത്തുമെന്നും പറഞ്ഞ് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താവുകയായിരുന്നു.

റയൽ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞശേഷം മറ്റ് പദവികളൊന്നും സിദാൻ ഏറ്റെടുക്കാത്തത് ഫ്രാൻസിൻറെ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്രാൻസ് ഈ ലോകകപ്പിന്റെ സെമി ഫൈനലിൽ പുറത്തു പോയാലും അദ്ദേഹം തുടരുന്നതിൽ ആർക്കും എതിർപ്പുണ്ടാകില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അറിയിക്കുകയായിരുന്നു.

2016ൽ യൂറോ കപ്പിന്റെ ഫൈനൽ വരെയെത്തി കിരീടം പോർച്ചുഗലിന് മുന്നിൽ അടിയറവ് വെച്ച ദെഷാംപ്സിന് 2020 യൂറോ കപ്പിലും കിരീടം നേടാൻ സാധിച്ചിരുന്നില്ല. 2026 വരെ ഫ്രാൻസിനൊപ്പം തുടരുന്നതിലൂടെ യൂറോ കിരീടം കൂടി സ്വന്തമാക്കാനും അടുത്ത വേൾഡ് കപ്പ് നേടാനും അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ദെഷാംപ്സ് ഫ്രാൻസ് ടീമിൽ നിന്നും പുറത്തു പോകാൻ വൈകുന്നത് സിദാന്റെ കാത്തിരിപ്പ് നീളാൻ കാരണമാകും. ഫ്രാൻസ് ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുക്കുമെന്നും അതിനു വേണ്ടിയാണ് അദ്ദേഹം പി.എസ്.ജി മാനേജർ സ്ഥാനം നിരസിച്ചതെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം അവസാനിച്ച ഖത്തർ ലോകകപ്പിൽ മുൻനിര താരങ്ങളുടെ അഭാവത്തിലും ഫ്രാൻസിനെ ഫൈനലിലെത്തിക്കാൻ ദെഷാംപ്സിനായി. 2012 ജൂലൈ ഒമ്പതിനാണ് ദെഷാംപ്സ് ഫ്രാൻസിൻറെ പരിശീലകനായി ചുമതലയേറ്റെടുത്തത്. 139 മത്സരങ്ങളിൽ 89 ജയങ്ങളും 28 സമനിലകളും 22 തോൽവികളുമാണ് ദെഷാംപ്സിൻറെ അക്കൗണ്ടിലുള്ളത്.

അതേസമയം ദെഷാംപ്സിനൊപ്പം സഹ പരിശീലകനായ ഗയ് സ്റ്റീഫൻ, ഗോൾ കീപ്പിങ് പരിശീലകനായ ഫാങ്ക് റാവിയോട്ട്, ഫിസിക്കൽ ട്രെയ്നർ സിറിൾ മോയ്നെ എന്നിവരും തുടരും.

Content Highlights: Didier Deschamps will continue as the coach of France