അര്‍ജന്റീനയുടെ വേള്‍ഡ് കപ്പ് ഹീറോ ലയണല്‍ മെസിയാണ് ബാലണ്‍ ഡി ഓറിന് അര്‍ഹന്‍ എന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ ദേശീയ ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംസ്. ഒക്ടോബര്‍ 30ന് പാരീസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെ ദെഷാംസിനോട് ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രവചിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മെസിയുടെ പേര് പറയുകയായിരുന്നു.
‘അര്‍ജന്റീനക്കായി ലോകകപ്പില്‍ അസാധ്യ പ്രകടനമാണ് മെസി കാഴ്ചവെച്ചത്. നിര്‍ഭാഗ്യവശാല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചുകൊണ്ടാണ് അര്‍ജന്റീന കിരീടം നേടിയതെങ്കിലും അദ്ദേഹം ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ട്,’ ദെഷാംസ് പറഞ്ഞു.
എന്നാല്‍ ഇത്തവണ പുരസ്‌കാരം കിലിയന്‍ എംബാപ്പെക്ക് നല്‍കിയില്ലെങ്കില്‍ അത് അന്യായമായിരിക്കുമെന്ന് ദെഷാംസ് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ഫൂട്ട് വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയതിന് പിന്നാലെ പുരസ്‌കാര വേദിയില്‍ എംബാപ്പെയെ പ്രശംസിച്ച് ലയണല്‍ മെസി സംസാരിച്ചിരുന്നു. ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങില്‍ എര്‍ലിങ് ഹാലണ്ട് രണ്ടാം സ്ഥാനത്തും കിലിയന്‍ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ ഇരുതാരങ്ങളെയും പ്രശംസിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.
‘കിലിയനോടൊപ്പം ഒരേ ക്ലബ്ബില്‍ ഞാന്‍ രണ്ട് വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. അവന്റെ അപാരമായ കഴിവിനെക്കുറിച്ച് എനിക്കറിയാം. അവന്‍ വളരെ ചെറുപ്പമാണ്. ഭാവിയില്‍ അവനും ഹാലണ്ടും മികച്ച് നില്‍ക്കുന്നത് നമുക്ക് കാണാം. വളരെ പെട്ടെന്നുതന്നെ അവര്‍ ബാലണ്‍ ഡി ഓര്‍ ജേതാക്കളാകും,’ മെസി പറഞ്ഞു.
കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.
Content Highlights; Didier Deschamps says Lionel Messi deserve Ballon d’Or