| Tuesday, 10th October 2023, 4:42 pm

'ബാലണ്‍ ഡി ഓര്‍ എംബാപ്പെക്കല്ലെങ്കില്‍ അത് അന്യായമായിരിക്കും'; പ്രതികരിച്ച് ഫ്രഞ്ച് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലയണല്‍ മെസി, എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ എന്നീ താരങ്ങളിലൊരാള്‍ക്കാണ് ബാലണ്‍ ഡി ഓര്‍ ലഭിക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പുരസ്‌കാര ജേതാവ് ആരെന്ന് അറിയാന്‍ ഈ മാസം 30 വരെ കാത്തിരിക്കുക തന്നെ വേണം.

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ആരാധകര്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കുള്ള പ്രതികരണവുമായി എത്തിയിരിക്കകുയാണ് ഇപ്പോള്‍ ഫ്രാന്‍സ് ദേശീയ ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംസ്. ഇത്തവണ പുരസ്‌കാരം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് നല്‍കിയില്ലെങ്കില്‍ അത് അന്യായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ദെഷാംസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ഫൂട്ട് വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

പി.എസ്.ജി ജേഴ്സിയില്‍ ആകെ 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മെസിയുടെ പേരില്‍ ചേര്‍ക്കപ്പെടുമ്പോള്‍ എംബാപ്പെയുടെ പേരില്‍ 34ഉം ഹാലണ്ട് 52 ഗോളുകളുമാണ് അക്കൗണ്ടിലാക്കിയത്.

അതേസമയം, ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക.

Content Highlights: Didier Deschamps say it is  ‘unfair’ if striker Kylian Mbappe doesn’t win the 2023 Ballon d’Or

We use cookies to give you the best possible experience. Learn more