ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചില്ലെങ്കിലും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരാൻ യുണൈറ്റഡിന് സാധിക്കുന്നുണ്ട്.
തുടർച്ചയായ തിരിച്ചടികളിലൂടെ മുന്നോട്ട് പോയ ക്ലബ്ബ് പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന്റെ കീഴിലാണ് മികവിലേക്ക് ഉയർന്നത്. കൂടാതെ ടെൻ ഹാഗ് പരിശീലക സ്ഥാനത്ത് നിയമിക്കപ്പെട്ട ശേഷം കൂടുതൽ പുതിയ താരങ്ങൾ ക്ലബ്ബിലേക്കെത്തിയതും യുണൈറ്റഡിന് തുണയായി.
ഇറ്റാലിയൻ ക്ലബ്ബായ നപ്പോളിക്കായി മികച്ച ഫോമിൽ കളിക്കുന്ന വിക്ടർ ഒഷിമനെ യുണൈറ്റഡ് അവരുടെ അടുത്ത ടാർഗറ്റായി നോട്ടമിട്ടിട്ടുണ്ട്. നപ്പോളിയുടെ മുന്നേറ്റ നിരയിൽ മികവോടെ കളിക്കുന്ന താരത്തെ സ്വന്തമാക്കാനായാൽ യുണൈറ്റഡ് മുന്നേറ്റ നിരയുടെ മൂർച്ച ഇനിയും വർധിക്കും.
എന്നാലിപ്പോൾ ഹാലണ്ടിനെക്കാളും മികച്ച സെന്റർ ഫോർവേഡ് താരമാണ് വിക്ടർ ഒഷിമൻ എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലിവർപൂൾ ഇതിഹാസ താരമായ ദിദി ഹാമൻ.
ഫുട്ബോൾ 365ന് നൽകിയ അഭിമുഖത്തിലാണ് മികച്ച സെന്റർ ഫോർവേഡ് താരമാരെന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ദിദി ഹാമൻ തുറന്ന് പറഞ്ഞത്.
“ഹാലണ്ട് ചിലപ്പോൾ യൂറോപ്പിലെ മികച്ച സെന്റർ ഫോർവേഡ് താരമായിരിക്കും. പക്ഷെ നിങ്ങൾ ഗോളടി മികവ് പരിശോധിച്ചാൽ വിക്ടർ ഒഷിമനെക്കുറിച്ച് പരാമർശിക്കാതിരിക്കൽ സാധ്യമല്ല. അദ്ദേഹമാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച സെന്റർ ഫോർവേഡ് താരം,’ ദിദി ഹാമൻ പറഞ്ഞു.