ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മുന്നറിയിപ്പ്: കാല്‍ പന്തുകളി നിങ്ങളുടെ ഹൃദയത്തിനെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനം
Heart Related
ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മുന്നറിയിപ്പ്: കാല്‍ പന്തുകളി നിങ്ങളുടെ ഹൃദയത്തിനെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2018, 3:54 pm

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും ആരാധകരുടെ കാര്യത്തില്‍ മറ്റേത് ടീമിനേക്കാളും മുന്‍പന്തിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട. ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ എന്ന് തന്നെ വിളിക്കാവുന്ന ഫുട്‌ബോള്‍ ആരാധകരാണ് കേരളത്തിലുള്ളത്. ദേശീയ-ക്ലബ്ബ് ടീമുകളെ ആരാധിക്കാനും അവരുടെ കളി കാണാനും മാത്രമല്ല, നല്ല ഫുട്‌ബോള്‍ കളിക്കാരുമാണ് ഇവര്‍.

നമ്മുടെ നാട്ടിലെ കുട്ടികളുടേയും ഇഷ്ട കായികവിനോദമാണ് ഫുട്‌ബോള്‍. സ്‌കൂളിലും നാട്ടിലുമെല്ലാം വൈകുന്നേരങ്ങളില്‍ മൈതാനങ്ങള്‍ സജീവമാകുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ സ്ഥിരമായി ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ ഒന്നു കരുതിയിരിക്കണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ഥിരമായി ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളുടെ ഹൃദയത്തിന് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്ഥിരമായ കാല്‍പന്തുകളി ഹൃദയത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന അസുഖങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഫുട്‌ബോള്‍ കളിക്കാത്തവരെ അപേക്ഷിച്ച് കളിക്കുന്നവരില്‍ അഞ്ചിരട്ടിയാണ് ഹൃദ്രോഗ സാധ്യതയെന്നും പഠനം പറയുന്നു. ഏട്രിയല്‍ ഫിബ്രിലേഷന്‍ (Atrial fibrillation) എന്ന അവസ്ഥയാണ് ഇവരില്‍ ഉണ്ടാകുക. ഇത് അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, നെഞ്ചുവേദന എന്നിവയിലേക്ക് നയിക്കാനുള്ള സാധ്യത ഉണ്ട്. പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.

അമേരിക്കയിലെ ഒഹിയോയിലുള്ള ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ ഹൃദ്രോഗവിദഗ്ധനായ ഡോ. ഡെര്‍മോട് ഫെലാന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

“ഫുട്‌ബോള്‍ പോലെയുള്ള കായിക വിനോദങ്ങള്‍ ആയുസ്സ് വര്‍ധിപ്പിക്കുമെന്നും ഹൃദയത്തിന്റേയും രക്തധമനികളുടേയും ആരോഗ്യത്തിനു പലതരത്തില്‍ നല്ലതാണെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇത് അമിതമായാല്‍ കളിക്കാരുടെ ഹൃദയത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഞങ്ങളുടെ കണ്ടെത്തലുകള്‍ പറയുന്നത്.” -ഡോ. ഡെര്‍മോട് ഫെലാന്‍ പറഞ്ഞു.

“വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയാണ് നയിക്കുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കുമെന്ന് ഫുട്‌ബോള്‍ കളിക്കാര്‍ ചിന്തിക്കരുത്. മറിച്ച് ഏട്രിയല്‍ ഫിബ്രിലേഷന്‍ പോലുള്ള ഹൃദയതകരാറുകള്‍ക്കുള്ള സാധ്യത അവരില്‍ കൂടുകയാണ് ചെയ്യുന്നത്.” -ഡോ. ഫെലാന്‍ പറയുന്നു.

ഒര്‍ലാന്‍ഡോയില്‍ വെച്ച് ഈ മാസം നടക്കുന്ന അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 67-ാം വാര്‍ഷിക ശാസ്ത്ര സമ്മേളനത്തിലാണ് ഈ പഠനം അവതരിപ്പിക്കുക. ദേശീയ ഫുട്‌ബോള്‍ ലീഗിലെ (എന്‍.എഫ്.എല്‍) 460 മുന്‍ താരങ്ങളിലാണ് ഗവേഷകര്‍ പ്രധാനമായും പഠനം നടത്തിയത്.

സാധാരണക്കാരായ 925 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലവും മുന്‍ എന്‍.എഫ്.എല്‍ താരങ്ങളുടെ ഫലവും ഗവേഷകര്‍ താരതമ്യം ചെയ്തു. ഈ 925 പേരും ഫുട്‌ബോള്‍ താരങ്ങളുടെ അതേ ചുറ്റുപാടില്‍ തന്നെ ജീവിക്കുന്നവരാണ്.

ഫുട്‌ബോള്‍ കളിക്കാരുടെ ഹൃദയത്തിന് മറ്റുള്ളവരുടെ അപേക്ഷിച്ച് വിശ്രമം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം ഫുട്‌ബോള്‍ കളി ഉപേക്ഷിക്കണമെന്നല്ല പഠനം നിര്‍ദ്ദേശിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാര്‍ സ്ഥിരമായി ശാസ്ത്രീയമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകണം എന്നതാണ് പഠനം അടിവരയിട്ടു പറയുന്നത്. ഇതു വഴി ഹൃദ്രോഗ സാധ്യത നേരത്തേ തന്നെ കണ്ടെത്താന്‍ കഴിയും.