മകള്‍/അല്ലെങ്കില്‍ മകന്‍ സ്വന്തം ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പല കുടുംബങ്ങള്‍ക്കും അത്ര പെട്ടെന്ന് ദഹിക്കുന്ന കാര്യമല്ല. പലപ്പോഴും ഇതിന്റെ പേരില്‍ ഏറെ വഴക്കുണ്ടാകും. മക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹത്തിനു സമ്മതിക്കുന്നവരുമുണ്ട്. ചിലപ്പോള്‍ ഇത്തരം വഴക്കുകള്‍ മാനം കാക്കല്‍ കൊലപാതകങ്ങള്‍ക്കും, തട്ടിക്കൊണ്ടുപോകലിലേക്കും, ശൈശവവിവാഹത്തിലേക്കുമെല്ലാം എത്താറുമുണ്ട്. ഇത്തരം ചെയ്തികള്‍ക്കെല്ലാം അവര്‍ നല്‍കുന്ന ഒരു വിശദീകരണമുണ്ട്, നമ്മുടെ പാരമ്പര്യം.
എന്നാല്‍ ഇതിന് നമ്മുടെ പഴമക്കാരെ ശരിയല്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗന്ധര്‍വ്വ വിവാഹം.
പൗരാണിക ശിലാലിഖിതങ്ങളില്‍ നിന്നും മനസിലാവുന്നത് ഇവിടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭര്‍ത്താവിനെ സ്വയം തെരഞ്ഞെടുക്കാനുള്ള അധികാരമുണ്ടായിരുന്നു എന്നാണ്. പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ കാണുന്നു, ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. അതായത്, രണ്ടുപേര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടാല്‍ അവര്‍ ഒരുമിക്കുന്നു. ഈ രീതിയിലുള്ള വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല. ഋഗ്വേദകാലഘട്ടത്തില്‍ സാധാരണമായ വിവാഹരീതിയായിരുന്നു ഇതെന്നാണ് വേദങ്ങള്‍ പറയുന്നത്. ഏറ്റവും പഴക്കം ചെന്ന വിവാഹരീതിയും ഇതാണ്.
ഋഗ്വേദം പറയുന്നത് അനുസരിച്ച് സാധാരണമായ വിവാഹരീതി ഗാന്ധര്‍വ്വ വിവാഹമായിരുന്നു. ഗ്രാമജീവിതത്തിനിടയിലോ, അല്ലെങ്കില്‍ ഉത്സവങ്ങളിലോ മറ്റോ വെച്ച് ആണും പെണ്ണും കണ്ടുമുട്ടുന്നു. പരസ്പരം മനസിലാക്കുന്നു, പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ചു കഴിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇത്തരം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അവരുടെ ബന്ധുക്കളും അംഗീകരിച്ചിരുന്നു.
കാമുകനെ തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ മകള്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കിയിരുന്നതായും അതിന് പ്രേരിപ്പിച്ചിരുന്നതായും അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. മകള്‍ ഋതുമതിയായാല്‍ അമ്മയ്ക്ക് ആധിയാണ് അവള്‍ക്ക് സ്വയം ഭര്‍ത്താവിനെ കണ്ടെത്താനാകുമോയെന്നോര്‍ത്ത്.
പാശ്ചാത്യര്‍ “സാധാരണ വിവാഹനിയമം” എന്നു പറയുന്നതിനു സമാനമാണ് ഗാന്ധര്‍വ്വ വിവാഹവും. സമൂഹം വിവാഹിതരായി പരിഗണിക്കുന്നതിനു മുമ്പു തന്നെ ദമ്പതികള്‍ ഒരുമിച്ച് കഴിയും. മതപരമായ ഒരു ചടങ്ങും കഴിയുന്നതിനു മുമ്പു തന്നെ. സ്വതന്ത്രമായ താല്‍പര്യം മാത്രമാണ് ഇവിടെ കാര്യം.
മഹാഭാരതത്തിലെ ഭീമന്‍-ഹിഡുംബി ദാമ്പത്യം ഗാന്ധര്‍വ്വ വിവാഹത്തിന്റെ നയത്തിനുള്ളില്‍ വരുന്നതാണ്.
“ആഗ്രഹിക്കുന്ന സ്ത്രീയും ആഗ്രഹിക്കുന്ന പുരുഷനും തമ്മില്‍ മതാചാരങ്ങളൊന്നുമില്ലാതെ തന്നെയുള്ള വിവാഹമാണ് ഏറ്റവും നല്ല വിവാഹം.” എന്നാണ് കണ്വ മഹര്‍ഷി ഗാന്ധര്‍വ്വ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
പൗരാണിക ഇന്ത്യയില്‍ ഇത്തരം വിവാഹം നിലനിന്നിരുന്നെങ്കില്‍ എന്തിനാണ് യാഥാസ്ഥിതികരായ ഇന്ത്യക്കാര്‍ ഇപ്പോഴും പ്രണയവിവാഹം, അല്ലെങ്കില്‍ ലിവിങ് റിലേഷന്‍ഷിപ്പ് എന്നു കേള്‍ക്കുമ്പോള്‍ വാളോങ്ങുന്നത്?
നിലവില്‍ എല്ലാവാദത്തെയും ന്യായീകരിക്കാന്‍ പൗരാണിക ഇന്ത്യയുടെ കാര്യമാണല്ലോ പലരും നിരത്തുന്നത്. അതുകൊണ്ടുമാത്രമാണ് ഇത്തരമൊരു ഉദാഹരണം ഇവിടെ ചൂണ്ടിക്കാട്ടിയത്. അല്ലാതെ പൗരാണിക ഇന്ത്യയിലെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാദം ജയിക്കാനല്ല ശ്രമിക്കുന്നത്.
കടപ്പാട്: സ്‌കൂപ് വൂപ്പ്