| Tuesday, 16th April 2019, 5:40 pm

ഒരു മുസ്‌ലീമായത് കൊണ്ടല്ലേ നിങ്ങള്‍ അദ്ദേഹത്തെ വിലക്കിയത്?; അസം ഖാനെതിരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാംപുര്‍: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ശരിയായ നടപടിയല്ലെന്ന് മകന്‍ അബ്ദുള്ള അസംഖാന്‍.

ബി.ജെ.പി സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും അസംഖാന് മൂന്ന് ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

വിലക്കേര്‍പ്പെടുത്തുന്നതിന് മുന്‍പ് അസംഖാന് നോട്ടീസ് നല്‍കിയില്ലെന്ന് അബ്ദുള്ള അസംഖാന്‍ ആരോപിച്ചു. അദ്ദേഹം ഒരു മുസ്‌ലീമായത് കൊണ്ടല്ലേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് അബ്ദുള്ള അസംഖാന്‍ ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ ഞങ്ങളെ കൂടുതല്‍ ആക്രമിക്കുമ്പോള്‍ ഞങ്ങള്‍ സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ പോരാടും.’അബ്ദുള്ള അസംഖാന്‍ പറഞ്ഞു.

അതേസമയം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമാജ് വാദി നേതാവ് അസം ഖാന്‍ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ജയപ്രദയെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്നുമാണ് ഖാന്‍ അറിയിച്ചിരിക്കുന്നത്.

‘രാഷ്ട്രീയം ഇത്രത്തോളം തരം താഴുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. പത്ത് വര്‍ഷക്കാലം ആ വ്യക്തി രാംപുരിന്റെ രക്തം ഊറ്റിക്കുടിച്ചു..ഞാനാണ് അയാളെ കൈപിടിച്ച് രാംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ ഓരോ തെരുവും അവര്‍ക്ക് പരിചിതമാക്കിയത്.. ആരും അവരെ തൊടാനോ മോശം വാക്കുകള്‍ പറയാനോ ഞാന്‍ അനുവദിച്ചിരുന്നില്ല.. ആ വ്യക്തിയെ പത്ത് വര്‍ഷം നിങ്ങളുടെ പ്രതിനിധിയാക്കി.. പക്ഷെ ആ വ്യക്തിയുടെ യഥാര്‍ഥ മുഖം മനസിലാക്കാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തു. എന്നാല്‍ അവരുടെ ഉള്ളില്‍ കാക്കി അടിവസ്ത്രമാണുള്ളതെന്ന് ഞാന്‍ 17 ദിവസങ്ങള്‍ കൊണ്ട് തന്നെ മനസിലാക്കി.’ എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമര്‍ശം

രാംപുര്‍ മണ്ഡലത്തില്‍ അസം ഖാനെതിരെ ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് അഭിനേത്രി കൂടിയായ ജയപ്രദയെയാണ്.

We use cookies to give you the best possible experience. Learn more