ഇത് കാണാനാണോ ഞങ്ങള്‍ മെഡലുകള്‍ നേടിയത്; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
India
ഇത് കാണാനാണോ ഞങ്ങള്‍ മെഡലുകള്‍ നേടിയത്; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2023, 10:35 am

ന്യൂദല്‍ഹി: ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന താരങ്ങളെ ദല്‍ഹി പൊലീസ് മര്‍ദിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇത് കാണാനാണോ തങ്ങള്‍ മെഡലുകള്‍ നേടിയതെന്നും വിനേഷ് ഫോഗട്ട് ചോദിച്ചു.

‘മദ്യലഹരിയിലെത്തിയ പൊലീസ് രണ്ട് താരങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ് എല്ലാവരെയും തളളിമാറ്റി’, ഫോഗട്ട് പറഞ്ഞു. ‘ഞങ്ങളോട് ഇങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ അക്രമികള്‍ അല്ല. സംഭവ സ്ഥലത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. എന്നെ പൊലീസ് ആക്രമിച്ചു. എവിടെ വനിതാ പൊലീസുകാര്‍’, ഫോഗട്ട് ചോദിച്ചു. സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്റംഗ് പുനിയ എന്‍.ഡി.ടി.വിയോട് സംസാരിക്കവെ പറഞ്ഞു.

12-ാ മത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കിടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെ കിടക്കകള്‍ എത്തിക്കാന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദിയിലെത്തിയിരുന്നു. ഇതാണ് പൊലീസ് അര്‍ധരാത്രി തടഞ്ഞത്.

എന്നാല്‍ അനുവാദമില്ലാതെയാണ് എ.എ.പി പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തിയതെന്നും സംഭവത്തില്‍ എ.എ.പി എം.എല്‍.എ സോമനാഥ് ഭാരതി ഉള്‍പ്പെടെയുളള 3 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

‘ കിടക്കകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ രോഷാകുലരാവുകയും ട്രക്കില്‍ നിന്ന് കിടക്കകള്‍ ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാരതി ഉള്‍പ്പെടെയുളളവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു’, എന്നാണ് പൊലീസ് വാദം.

ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്തിര്‍ സമരഭൂമി. മാധ്യമ പ്രവര്‍ത്തകരെ അടക്കം സമരക്കാരുടെ അടുത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ദല്‍ഹിയില്‍ നിന്ന് ജന്തര്‍ മന്തിറിലേക്ക് പോകാനുളള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

Content Highlight: Did We Win Medals To See Such Days?” Wrestler Vinesh Phogat Breaks Down