തൃശൂർ: പൂരം കലക്കിയല്ല തൃശൂരിലെ ബി.ജെ.പിയുടെ വിജയമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരം കലക്കിയാണ് ബി.ജെ.പി വിജയിച്ചതെങ്കിൽ ട്രംപ് വിജയിക്കാൻ എത്ര പൂരങ്ങൾ കലക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ഇത് ഞങ്ങളുടെ വോട്ടാണെന്നും ആ വോട്ട് ഈ രാജ്യത്തിനാണെന്നും ജനങ്ങൾ ഓരോരുത്തരും നിശ്ചയിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആ നിശ്ചയമാണ് തൃശൂരിലെ വിജയം അല്ലാതെ പൂരം കലക്കിയതല്ലെന്ന് സുരേഷ് ഗോപി ജനങ്ങളോട് പറഞ്ഞു.
‘ഇത് ഞങ്ങളുടെ വോട്ട് ആണ്. ആ വോട്ട് ഞങ്ങൾ രാജ്യത്തിനായി നൽകും എന്ന നിശ്ചയമാണ് നിങ്ങൾ ഓരോരുത്തരിലും ഉണ്ടാകേണ്ടത്. അത്തരം നിശ്ചയമാണ് തൃശൂരിലെ വിജയത്തിന് കാരണം. അല്ലാതെ പൂരം കലക്കലൊന്നും അല്ല. അങ്ങനെയാണെങ്കിൽ അമേരിക്കയിൽ ട്രംപ് ജയിച്ചത് ഏതൊക്കെ പൂരം കലക്കിയിട്ടാണ്? അത് അന്വേഷിച്ച് നടക്കുന്ന ഒരു വിഭാഗം മാത്രമായി ഇന്ത്യയിലെ പ്രതിപക്ഷം ഒതുങ്ങി തീരും. അവർ കണ്ടെത്തട്ടെ ട്രംപ് ജയിച്ചത് ഏത് പൂരം കലക്കിയിട്ടാണെന്നുള്ളത്,’ സുരേഷ് ഗോപി പറഞ്ഞു.
പൂര നഗരിയിൽ ആംബുലൻസിൽ എത്തിയതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ സുരേഷ് ഗോപിക്കെതിരെ ഉണ്ട്. പൂര നഗരിയിൽ ആംബുലൻസിൽ എത്തിയെന്ന വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പോയിരുന്നു. മാധ്യമപ്രവർത്തകരോട് മറുപടി നൽകാൻ സൗകര്യമില്ലെന്ന് കയർത്തുകൊണ്ടായിരുന്നു അദ്ദേഹം പോയത്.
തങ്ങൾ കേന്ദ്ര സഹ മന്ത്രിയോടാണ് ചോദ്യം ചോദിച്ചതെന്നും മറുപടി വേണമെന്നും ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് നിങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
ആംബുലൻസിൽ തൃശൂർപൂര നഗരിയിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlight: Did Trump win by messing up Thrissur Pooram in America: Suresh Gopi