| Monday, 3rd October 2022, 1:42 pm

സെഞ്ച്വറിയടിക്കാന്‍ പറ്റാത്തതില്‍ ക്രിക്കറ്റിന്റെ ദൈവം ദിനേഷ് കാര്‍ത്തിക്കിനോട് പൊട്ടിത്തെറിച്ചോ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമിതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയടിക്കാനുള്ള തന്റെ അവസരം വേണ്ടെന്ന് വെച്ച് ദിനേഷ് കാര്‍ത്തിക്കിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കവെയാണ് ദിനേഷ് കാര്‍ത്തിക് താരത്തിന് സ്‌ട്രൈക്ക് കൈമാറാനെത്തിയതും അത് നിരാകരിച്ച് വിരാട് ബാറ്റിങ് തുടരാന്‍ ആവശ്യപ്പെട്ടതും.

ഒടുവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ നിന്നും കോഹ്‌ലി 49 റണ്‍സുമായി പുറത്താകാതെ നിന്നു.

വിരാടിന്റെ സെല്‍ഫ് ലെസ് മനോഭാവത്തിന്റെ ഉദാഹരണമായി വാഴ്ത്തിയ ഈ മൊമെന്റ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ബി.സി.സി.ഐയും താരത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. വ്യക്തിഗത സ്‌കോര്‍ 96ല്‍ നില്‍ക്കവെ കളി ജയിപ്പിച്ചതിന് ദിനേഷ് കാര്‍ത്തിക്കിനോട് ദേഷ്യപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.

2009 ഡിസംബര്‍ 21ന് കട്ടക്കില്‍ വെച്ച് നടന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ മൂന്നാം മത്സരത്തിനിടയിലെ ഒരു ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ തനിക്ക് സെഞ്ച്വറി തികക്കാന്‍ പറ്റാത്തതില്‍ ദിനേഷ് കാര്‍ത്തിക്കിനോട് ദേഷ്യപ്പെട്ടിരുന്നോ? ഇല്ല എന്നാണ് അതിനുത്തരം.

മത്സരം ജയിപ്പിച്ചതിന് പിന്നാലെ ദിനേഷ് കാര്‍ത്തിക് സച്ചിന്റെ അടുത്ത് സെഞ്ച്വറി തികക്കാന്‍ സമ്മതിക്കാത്തതില്‍ ക്ഷമ ചോദിച്ചിരുന്നു, എന്നാല്‍ മത്സരം ജയിച്ചില്ലേ, അതാണ് വേണ്ടത് എന്നായിരുന്നു സച്ചിന്റെ മറുപടി.

ആ സംഭവത്തെ കുറിച്ച് കാര്‍ത്തിക് തന്നെ പറയുന്നതിങ്ങനെ:

‘എനിക്ക് സച്ചിന്‍ സെഞ്ച്വറിയടിക്കണം എന്നുതന്നെയായിരുന്നു. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് അദ്ദേഹത്തിന് കൈമാറണമെന്നും ബൗണ്ടറിയടിച്ച് അദ്ദേഹം സെഞ്ച്വറിയും ഒപ്പം ഇന്ത്യയുടെ വിജയവും കുറിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.

എന്നാല്‍ മലിംഗ എന്റെ പാഡ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഞാനത് ഫൈന്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്തു. പന്ത് എന്റെ ബാറ്റില്‍ കൊണ്ട നിമിഷം തന്നെ അത് ബൗണ്ടറിയാകുമെന്ന് എനിക്കുറപ്പായിരുന്നു.

സച്ചിന് സെഞ്ച്വറി തികക്കാന്‍ സാധിക്കാത്തതില്‍ നിരാശനായി എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ സച്ചിന്‍ ഒരു കുഴപ്പവുമില്ല എന്നായിരുന്നു എന്നോട് പറഞ്ഞത്.

ഡി.കെ ഒരു കുഴപ്പവുമില്ല. നമ്മുടെ ടീം ഒരു പ്രധാനപ്പെട്ട മത്സരം ജയിച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. വ്യക്തിഗത നേട്ടങ്ങള്‍ക്ക് ചെറിയ വില മാത്രമാണുള്ളത് എന്നാണ് സച്ചിന്‍ പറഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് ഏറെ ആശ്വാസമായി. സച്ചിന്‍ ശരിക്കും ഒരും ടീം പ്ലെയര്‍ തന്നെയാണ്,’

കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക് ഫിനിഷറുടെ റോള്‍ ഒരിക്കല്‍ക്കൂടി ഗംഭീരമാക്കിയിരുന്നു. ഏഴ് പന്തുകള്‍ നേരിട്ട് 17 റണ്‍സാണ് താരം ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിലും താരത്തിന്റെ ഈ മാജിക്കല്‍ പ്രകടനം കാണാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Content Highlight: Did Sachin Tendulkar snap at Dinesh Karthik for not being able to score a century? This is the truth behind the circulating image

We use cookies to give you the best possible experience. Learn more