COVID-19
രാഹുല്‍ ഗാന്ധിയെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 04, 03:58 pm
Wednesday, 4th March 2020, 9:28 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി രമേഷ് ബിധൂരി. ഇറ്റലിയില്‍ നിന്ന് മടങ്ങിവന്ന രാഹുല്‍ പരിശോധന നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും ബിധൂരി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിശോധന നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹം ദല്‍ഹി കലാപബാധിത സ്ഥലത്ത് പോയത് വലിയ തെറ്റാണെന്നും ബിധൂരി കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഈയിടെയാണ് ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയത്. അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലുന്നതിന് മുന്‍പ് അദ്ദേഹം കൊവിഡ് 19 പരിശോധന നടത്തണമായിരുന്നു. ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്’, ബിധൂരി പറഞ്ഞു.

ഇന്ന് വൈകീട്ടോടെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ദല്‍ഹിയിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്.

അതേസമയം ഇതുവരെ 28 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്‌ള ഐടിബിപി ക്യാപിലേക്ക് മാറ്റി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ക്ക് പൂര്‍ണമായി രോഗം ഭേദമായി. രാജ്യതലസ്ഥാനത്താണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗികള്‍ ഐസൊലേഷന്‍ ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ കോവിഡ് ബാധിതനൊപ്പം ബസില്‍ യാത്രചെയ്ത 27 പേരും നിരീക്ഷണത്തിലുണ്ട്. ചൈന, ഇറ്റലി, ഇറാന്‍ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

WATCH THIS VIDEO: