ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ന്യൂദല്‍ഹിയില്‍നിന്നും കാര്‍ഗോ വിമാനത്തില്‍ പശ്ചിമ ബംഗാളിലേക്ക് കടന്നെന്ന് കേന്ദ്രം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെ വിളിച്ചുവരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം.
പ്രശാന്ത് കിഷോര്‍ കൊവിഡ് ലോക്ഡൗണ്‍ ലംഘിച്ച് കാര്‍ഗോ വിമാനത്തില്‍ ബംഗാളിലേക്ക് കടന്നോ എന്നറിയാന്‍ വിമാനത്താവള അധികൃതര്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചെന്നും വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പ്രശാന്ത് കിഷോര്‍ തള്ളി. താന്‍ മാര്‍ച്ച് 19ന് ശേഷം ഒരു വിമാനത്താവളത്തിലും പോയിട്ടില്ലെന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ആര്‍ക്കെങ്കിലും ആരോപണത്തെ ശരിവക്കുന്ന തരത്തില്‍ തെളിവുകളുണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കിഷോര്‍ മാര്‍ച്ച് 19ന് കൊല്‍ക്കത്തിയില്‍ വിമാനമിറങ്ങിയെന്നും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. കൊല്‍ക്കത്തയിലേക്കുള്ള കാര്‍ഗോ വിമാനത്തിന്റെ ഉത്തരവാദിത്വമുള്ള അധികൃതരോട് അന്വേഷിച്ചെന്നും എന്നാല്‍ അവര്‍ക്കാര്‍ക്കും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഉദ്യോസ്ഥര്‍ അറിയിച്ചു.