മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് നടി നിഖില വിമല്‍. കുറഞ്ഞ കാലം കൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നിഖിലയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സിനിമാനടിയാകണമെന്ന ആഗ്രഹത്താല്‍ സിനിമയിലെത്തിയയാളല്ല താനെന്ന് തുറന്നു പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില.
പഠനകാലത്ത് വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയതെന്നും പിന്നീട് കുറച്ചുകാലം ഈ മീഡിയത്തിന്റെ സാധ്യതകള്‍ താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ലൗ 24*7-നു ശേഷമാണ് ഏറെ ഇഷ്ടത്തോടെ കംഫര്‍ട്ടായി അഭിനയിക്കാന്‍ തുടങ്ങിയതെന്നും നിഖില പറയുന്നു.
‘സിനിമാനടിയാകണമെന്ന ആഗ്രഹത്താല്‍ സിനിമയിലെത്തിയയാളല്ല ഞാന്‍. പഠനകാലത്ത് വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് കുറച്ചുകാലം ഈ മീഡിയത്തിന്റെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞില്ല. ലൗ 24*7-നു ശേഷമാണ് ഏറെ ഇഷ്ടത്തോടെ കംഫര്‍ട്ടായി അഭിനയിക്കാന്‍ തുടങ്ങിയതും സിനിമയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതും.
ഇനിയും കുറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ മോഹമുണ്ട്. അഭിനയത്തിനപ്പുറം സിനിമയുടെ പ്രോസസ് അടുത്തറിയാന്‍ സംവിധാന സഹായിയാകാനും ആഗ്രഹമുണ്ട്. വലിയ ഉത്തരവാദിത്വമുള്ളയാള്‍ എന്നനിലയില്‍ സംവിധാന മോഹമൊന്നും എനിക്കില്ല’, നിഖില പറയുന്നു.
ഞാന്‍ പ്രകാശന്‍, ഒരു യമണ്ടന്‍ പ്രേമകഥ, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കുശേഷം ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയായിരുന്നു ഞാന്‍ കാത്തിരുന്നത്. പക്ഷേ, തേടിയെത്തിയ അവസരങ്ങളില്‍ പലതും നായികാപ്രാധാന്യമുള്ളവയായിരുന്നില്ല.
ദി പ്രീസ്റ്റ് വന്നപ്പോള്‍ ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തോന്നി. ഒരു നടിയെന്ന നിലയില്‍ പെര്‍ഫോം ചെയ്യാനുള്ള ഇടം ഈ ചിത്രത്തിലൂടെ കിട്ടി. അതെനിക്ക് ഏറെ ഗുണംചെയ്യുമെന്ന ഉറപ്പുണ്ട്.
ചിത്രത്തിന്റെ സംവിധായനായ ജോഫിന്‍ ടി. ചാക്കോ എന്റെ അടുത്ത സുഹൃത്താണ്. രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് അവന്‍ ഈ കഥ എന്നോടു പറഞ്ഞിട്ടുണ്ട്. ആ കഥയുടെയും പ്രോജക്ടിന്റെയും ഓരോ ഡെവലപ്‌മെന്റും എനിക്ക് നന്നായി അറിയാം. ഈ ചിത്രം എനിക്കും ജോഫിനും ഏറെ ഗുണംചെയ്യും, നിഖില പറയുന്നു.
കുട്ടിക്കാലം മുതല്‍ സ്റ്റേജ് പെര്‍ഫോമെന്‍സുമായി വന്നയാള്‍ എന്ന നിലയില്‍ സഭാകമ്പം പോലുള്ള കാര്യങ്ങള്‍ തനിക്കുണ്ടായിരുന്നില്ലെന്നും കുടുംബത്തിലെ എല്ലാവരും കലാകാരന്മാരായതിനാല്‍ സിനിമ എന്ന ആര്‍ട്ടിന്റെ ഗുണവും ദോഷവും സാധ്യതയുമെല്ലാം നന്നായി അറിയാമായിരുന്നെന്നും താരം പറയുന്നു.
ആ മുന്‍ധാരണയുടെ ഗുണം തുടക്കകാലത്ത എന്റെ സിനിമായാത്രയ്ക്ക് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. ഇന്ന് എന്റെ സിനിമയുടെ കഥ കേള്‍ക്കുന്നത് ഞാന്‍ തന്നെയാണ്. അഭിനയിക്കുന്നതിനു മുന്‍പ് ലഭിച്ച കഥാപാത്രം എങ്ങനെ ചെയ്യണമെന്ന ചര്‍ച്ചയൊന്നും ഞാന്‍ വീട്ടില്‍ നടത്താറില്ല. അഭിനയിച്ച സിനിമ കണ്ട് അതെന്തിനാ ആ സീനില്‍ അങ്ങനെ ചെയ്തതെന്നുപറഞ്ഞ്, ചേച്ചി വിമര്‍ശിക്കാറുണ്ട്. അതെന്റെ തുടര്‍യാത്രയ്ക്ക് ഗുണമാകാറുണ്ട്. അച്ഛനും വലിയ സപ്പോര്‍ട്ടായിരുന്നു. കഴിഞ്ഞ കൊറോണക്കാലം അച്ഛനെയും കൊണ്ടുപോയി. ആ വലിയ സങ്കടം ഒപ്പമുണ്ട്’, നിഖില പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Did not want to be a movie star,Says Actress Nikhila Vimal