| Saturday, 13th January 2024, 8:38 am

കോടതി ആവശ്യപ്പെട്ടിട്ടും അശ്ലീല പോസ്റ്റുകളുടെ വിവരങ്ങള്‍ നല്‍കിയില്ല; രാജ്യത്താദ്യമായി വാട്‌സ്ആപ്പിന് കോടതിയലക്ഷ്യ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടതി ആവശ്യപ്പെട്ടിട്ടും കിളിമാനൂര്‍ സ്വദേശിയായ സ്ത്രീക്കെതിരായ അശ്ലീല പോസ്റ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് വാട്‌സ്ആപ്പിന് കോടതിയലക്ഷ്യ നോട്ടീസ്. രാജ്യത്താദ്യമായാണ് വാട്‌സ്ആപ്പിനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായിരിക്കുന്നത്. കോടതിയുടെ നിര്‍ദേശാനുസരണം പൊലീസാണ് വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ മേധാവിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

കിളിമാനൂര്‍ സ്വദേശിയായ യുവതിക്കെതിരെ വാട്‌സാപ്പ് വഴി അശ്ലീല പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അശ്ലീല പോസ്റ്റുകള്‍ ആദ്യം പ്രചരിപ്പിച്ചയാളുടെ വിവരങ്ങള്‍ പൊലീസ് വാട്‌സ്ആപ്പിനോട് തേടിയിരുന്നു.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് സഹിതമായിരുന്നു പൊലീസ് വിവരങ്ങള്‍ ആവശ്യപ്പെട്ട് വാട്‌സ്ആപ്പിനെ സമീപിച്ചത്. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ തന്നെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു വാട്‌സ്ആപ്പിന്റെ നിലപാട്.

തുടര്‍ന്നാണ് പുതിയ ഐ.ടി നയത്തിന്റെ ചുവട് പിടിച്ച് യുവതിക്കെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്ത ആളിന്റെ വിവരങ്ങള്‍ തേടി കോടതി വഴി പൊലീസ് വാട്‌സ്ആപ്പിനെ സമീപിച്ചിരിക്കുന്നത്. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും സൈബര്‍ പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നതായി വിവധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

CONTENT HIGHLIGHTS: did not provide information about obscene posts; WhatsApp contempt notice for the first time in the country

We use cookies to give you the best possible experience. Learn more