തിരുവനന്തപുരം: എ.ബി.വി.പിയുടെ രക്തദാനക്യാമ്പില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദനം. തിരുവനന്തപുരം ധനുവച്ചപുരത്ത് വെച്ചാണ് സംഭവം നടന്നത്. വി.ടി.എം എന്‍.എസ്.എസ് കോളേജിലെ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി അദ്വൈതിനാണ് മര്‍ദനമേറ്റത്.
രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥി നിലവില്‍ ചികിത്സയിലാണ്. അദ്വൈതിന്റെ തലയ്ക്കും അടിവയറിനും ഗുരുതമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നാംവർഷ വിദ്യാർത്ഥികളായ പ്രണവ്, ആദർശ്, എന്നിവർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അദ്വൈതിനെ മര്‍ദിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് അദ്വൈത് പറഞ്ഞു.
രക്തദാന ക്യാമ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ തന്നെ സമീപിച്ചുവെന്നും ഒരു മാസമായിട്ടുള്ളു രക്തം നല്‍കിയിട്ടെന്ന് പറഞ്ഞതോടെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും അദ്വൈദത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തടിയൊക്കെ ഉള്ളതല്ലേ… നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ലെന്നും എ.ബി.വി.പി പ്രവര്‍ത്തകര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥി പറയുന്നു. മുഖത്താണ് ആദ്യം അടിച്ചതെന്നും തുടര്‍ന്ന് ചെവിയിലും കഴുത്തിലും പുറത്തുമെല്ലാം തല്ലിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
Content Highlight: did not participate in blood donation camp of ABVP; Student beaten up in Thiruvananthapuram