ആന എഴുന്നള്ളിപ്പില്‍ അകലം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണസമിതിക്കെതിരെ കേസ്
Kerala News
ആന എഴുന്നള്ളിപ്പില്‍ അകലം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണസമിതിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2024, 11:29 am

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് വനം വകുപ്പാണ് കേസെടുത്തത്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലവും പാലിക്കണമെന്ന മാനദണ്ഡം മുഖവുരയ്‌ക്കെടുത്തില്ലെന്നാണ് കേസ്.

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുക്കുകയായിരുന്നു.

അതേസമയം അകലം പാലിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയാതിരുന്നത് മഴ മൂലമാണെന്നാണ് ക്ഷേത്രഭാരവാഹികളുടെ വാദം.

എഴുന്നള്ളിപ്പുകളില്‍ രണ്ടാനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് വേണമെന്ന തൃപ്പൂണിത്തുറ ക്ഷേത്ര ഭാരവാഹികളുടെ ആവശ്യത്തെ തുടര്‍ന്ന് ഹൈക്കോടതി നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.

തൂപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനടക്കം ദൂരപരിധിയില്‍ ഇളവുവേണമെന്ന ആവശ്യത്തില്‍ ആനകള്‍ തമ്മിലുള്ള അകലം ഒഴിവാക്കാന്‍ കഴിയില്ലെന്നും മൂന്ന് മീറ്റര്‍ ദൂരപരിധി വേണമെന്നും കോടതി വ്യക്തമാക്കുകയാണുണ്ടായത്.

Content Highlight: did not follow the directions of the highcourt about elephants; Case against the Tripunithura Purnathrayesa Temple Management Committee