| Tuesday, 27th November 2012, 7:43 am

മദര്‍ ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചുവിടില്ല: ഹൈക്കോടതി മീഡിയേഷന്‍ സെന്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃശ്ശൂര്‍ മദര്‍ ആശുപത്രിയിലെ  ഒരൊറ്റ നഴ്‌സിനെപ്പോലും പിരിച്ചുവിടില്ലെന്ന് ഹൈക്കോടതി മീഡിയേഷന്‍ സെന്റര്‍. ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്റര്‍ ഹൈക്കോടതിക്ക് ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  അറിയിച്ചത്.[]

സമരം അവസാനിപ്പിക്കാന്‍ ഏഴ് ദിവസമായി 40ഓളം മണിക്കൂര്‍ മീഡിയേഷന്‍ സെന്റര്‍ ചെലവഴിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് പ്രതിനിധികള്‍, നഴ്‌സസ് സംഘടനാ ഭാരവാഹികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരുമായിട്ടാണ് മീഡിയേഷന്‍ സെന്റര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്.

15 നഴ്‌സുമാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അവരുടെ സസ്‌പെന്‍ഷന്‍ തത്കാലം മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മീഡിയേഷന്‍ സെന്റര്‍ ഹൈക്കോടതിയെ അറിയിച്ചു. ചില നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ട്.

ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് മീഡിയേഷന്‍ സെന്ററിന് കൈമാറും. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും പ്രശ്‌നം ചര്‍ച്ചചെയ്തശേഷം നിര്‍ദേശങ്ങള്‍ ഹൈക്കോടതിക്ക് മീഡിയേഷന്‍ സെന്റര്‍ നല്‍കും. തുടര്‍ന്ന് കോടതിയുടെ ഉത്തരവ് ഉണ്ടാകും.

നഴ്‌സുമാരുടെ സമരം ഭാവിയില്‍ ഒഴിവാക്കാനുള്ള നടപടിയും മീഡിയേഷന്‍ സെന്ററിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. നിര്‍ദേശങ്ങള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടത് ഹൈക്കോടതിയാണെന്ന് സീനിയര്‍ അഡ്വ. എന്‍. ധര്‍മദന്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more