Advertisement
Kerala News
ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, കൂടപ്പിറപ്പായി കണ്ടു: ലൈഫ് മിഷന്‍ പദ്ധതി പുതിയ വീഡിയോയില്‍ പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 01, 05:24 am
Sunday, 1st March 2020, 10:54 am

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ പുതിയ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോയിലെ വരികള്‍ സമൂഹമാധ്യമങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു. അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം, ഒരു വീട്.’ എന്ന വരികളാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ വരികള്‍ വീഡിയോയില്‍ പറയുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ പാട്ടിലൂടെ പ്രശസ്തയായ നഞ്ചിയമ്മ ഇരുള ഭാഷയില്‍ ഈ വരികള്‍ പാടുന്നതും വീഡിയോയിലുണ്ട്.


ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിടം പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷത്തിലേറെ വീടുകള്‍ കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ 2,14,262 വീടുകള്‍ നിര്‍മ്മിച്ചതായി അറിയിച്ചു.

‘ഇന്ന് രാവിലെ ഞങ്ങള്‍ ഒരു കുടുംബത്തിന്റെ കണ്ണ് നിറയുന്നത് കണ്ടു. സന്തോഷംകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. അവര്‍ എല്ലാ അര്‍ഥത്തിലും ചേര്‍ത്തുപിടിക്കേണ്ടവരാണ്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്’ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കരകുളത്തെ ഓമനയുടെയും ചന്ദ്രന്റെയും ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകള്‍ നിര്‍മിച്ച് നല്‍കിയത് 32,388 എണ്ണം. പാലക്കാട്24,898, കൊല്ലം18,470 ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂര്‍ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂര്‍ 9,236, കാസര്‍കോട് 7,688 എന്നിങ്ങനെയും പൂര്‍ത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video