കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് കേസ് നേരിടുന്ന സുരേഷ് ഗോപിയെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിന്തുണച്ചു എന്ന് വ്യാജ വാര്‍ത്തകള്‍. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഈ വ്യാജപ്രചാരണം നടക്കുന്നത്. മമ്മൂട്ടി, പ്രിഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ പിന്തുണച്ചു എന്നാണ് പ്രചാരണം.
മിന്നാരം എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് പ്രധാനമായും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ‘സുരേഷ് ഗോപി വിവാദം; പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്, സുരേഷ് ഗോപി വിവാദം; തരം താഴരുത്, സുരേഷ് ഗോപി വിവാദം; കലക്കന്‍ മറുപടിയുമായി മഞ്ജുവാര്യര്‍’ എന്നിങ്ങനെയാണ് വിവിധ വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും നല്‍കിയിട്ടുള്ള തലക്കെട്ടുകളും തമ്പ്‌നയിലുകളും. ഒറ്റ നോട്ടത്തില്‍ തന്നെ ഇത് വ്യാജമാണെന്ന് മനസ്സിലാകുമെങ്കിലും നിരവധി പേരാണ് ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ഈ പ്രചരങ്ങള്‍ വിശ്വസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നതും.
കേസ് നേരിടുന്ന സുരേഷ് ഗോപിയെ മമ്മൂട്ടി പിന്തുണച്ചു എന്ന തരത്തില്‍ പ്രധാനമായും രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്. കേരള ന്യൂസ്, മോളിവുഡ് ട്രെന്‍ഡിങ് എന്നീ യുട്യൂബ് ചാനലുകളിലാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ രണ്ട് വീഡിയോകളുടെ ലിങ്ക് മിന്നാരം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.
മമ്മൂട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി മറ്റാരേയോ കുറിച്ച് പറഞ്ഞ കാര്യമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘തിളങ്ങി നിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്’ എന്ന് മാത്രം പറയുന്ന ഒരു ക്ലിപാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷം വീഡിയോയില്‍ സുരേഷ്‌ഗോപിയെയും അദ്ദേഹത്തിന്റെ പുതിയ സിനിമ ഗരുഡനെയും പുകഴ്ത്തി മമ്മൂട്ടി സംസാരിച്ചു എന്ന് ഒരാള്‍ പറയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ വിഡോയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മമ്മൂട്ടിയുടെ ബൈറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണ്.
മമ്മൂട്ടിയുടെ ഇപ്പോഴത്തെ സ്‌റ്റൈലും ഈ വീഡിയോയിലുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മാത്രവുമല്ല ഈ ബൈറ്റെടുക്കുന്ന മാധ്യമങ്ങളുടെ മൈക്കുകളെല്ലാം പഴയ ലോഗോയും പഴയ മാതൃതയിലുള്ളതുമാണ്. ഉദാഹരണത്തിന് ഈ വീഡിയോയില്‍ കാണിക്കുന്ന മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ ടി.വി. എന്നീ ചാനലുകളുടെ മൈക്കുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ഒഴിവാക്കിയ മാതൃകയിലും കളറിലുമുള്ളതാണ്.
മമ്മൂട്ടിയുടെ പേരില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ അദ്ദേഹം കേരളീയം പരിപാടിയില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ കേരളീയം പരിപാടിക്ക് ശേഷം മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഗരുഡന്റെ പ്രത്യേക ഷോ ഒരു സ്റ്റുഡിയോയില്‍ രഹസ്യമായി നടത്തിയിരുന്നു എന്നും അവിടെ വെച്ച് മമ്മൂട്ടി ഒരു മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി തന്റെ എക്കാലത്തെയും നല്ല സുഹൃത്താണെന്ന് പറഞ്ഞുവെന്ന് പറയുന്നു. സ്‌നേഹപ്രകടനങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് മമ്മൂട്ടി സുരേഷ്‌ഗോപിയോട് പറഞ്ഞിട്ടുണ്ട് എന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടി ഇത്തരത്തിലൊരു പ്രതികരണം നടത്തിയതിന്റെ യാതൊരു തെളിവുകളും പ്രസ്തുത വീഡിയോയില്‍ ഇല്ല.
പ്രിഥ്വിരാജ് സുരേഷ് ഗോപിയെ പിന്തുണച്ചു എന്ന രീതിയിലാണ് മറ്റൊരു വീഡിയോ പ്രചരിക്കുന്നത്. സിനിമകാര്യം എന്ന യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘മാധ്യമപ്രവര്‍ത്തക-സുരേഷ് ഗോപി വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു നടന്‍ പൃഥ്വിരാജ്’ എന്നാണ് വീഡിയോക്ക് യുട്യൂബില്‍ നല്‍കിയിരിക്കുന്ന ഡിസ്‌ക്രിപ്ഷന്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റേതോ വിഷയത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച പ്രിഥ്വിരാജിന്റെ പ്രതികരണമാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയിലും ഉപയോഗിച്ചിരിക്കുന്ന മൈക്കുകള്‍ തന്നെ തെളിയിക്കുന്നു ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രിഥ്വിരാജിന്റെ ബൈറ്റാണെന്നും സുരേഷ് ഗോപി വനിത മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടതല്ല എന്നും.
മഞ്ജുവാര്യരുടെ പേരിലാണ് മറ്റൊരു വ്യാജവീഡിയോ പ്രചരിക്കുന്നത്. ‘സുരേഷ് ഗോപി വിവാദം; കലക്കന്‍ മറുപടിയുമായി മഞ്ജുവാര്യര്‍’ എന്നാണ് വീഡിയോക്ക് നല്‍കിയ തലക്കെട്ട്. ഈ വീഡിയോയില്‍ തുടക്കം മുതല്‍ അവസാനം സെക്കന്റുകള്‍ വരെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളും അദ്ദേഹം മാപ്പ് പറഞ്ഞെന്നുമുള്ള കാര്യങ്ങളാണ് വിവരിക്കുന്നത്. അവസാന സെക്കന്റുകളില്‍ സുരേഷ്‌ഗോപി അങ്ങനെ ചെയ്യില്ലെന്നും, താനും തൃശൂര്‍കാരിയാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞു എന്നും അവകാശപ്പെടുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ അങ്ങനെ പറഞ്ഞതിനെ സാധൂകരിക്കുന്ന ബൈറ്റോ, മറ്റു തെളിവുകളോ, എവിടെ വെച്ച് ആരോട് പറഞ്ഞു എന്നോ ഈ വീഡിയോയില്‍ പറയുന്നില്ല.
ഇത്തരത്തില്‍ നിരവധി വ്യാജവീഡിയോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ് വനിത മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് കേസ് നേരിടുന്ന സുരേഷ് ഗോപിയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഈ വീഡിയോകള്‍ക്കെല്ലാം വലിയ റീച്ചും ലഭിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പ്രിഥ്വിരാജ് പിന്തുണക്കുന്നു എന്ന് പറഞ്ഞ്‌കൊണ്ടുള്ള വീഡിയോ 1.3 മില്യണ്‍ പേരാണ് ഈ ചാനലില്‍ നിന്ന് മാത്രം കണ്ടിട്ടുള്ളത്. ഇതിന് പുറമെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തും ഗ്രാഫിക് കാര്‍ഡുകളായും വാട്‌സ്ആപ്പ് വഴി നിരവധി പേരാണ് പ്രചരിപ്പിക്കുന്നത്.
മിന്നാരം എന്ന് പേരുള്ള ഒരു പേജില്‍ മാത്രം വന്ന കണ്ടന്റുകളാണ് മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നെണ്ണം. എന്നാല്‍ ഇത്തരത്തില്‍ നിരവധി പേജുകളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ ഐ.ടി. സെല്ലിന് കീഴിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.
ഇതിനായി മിന്നാരം പോലുള്ള നിരവധി ഫേസ്ബുക്ക്, ഇന്‍സ്റ്റ പേജുകള്‍ വിലക്ക് വാങ്ങിയതായും ആരോപണമുയരുന്നു. സുരേഷ് ഗോപിയെ പിന്തുണക്കുന്ന പോസ്റ്റുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുക, സുരേഷ് ഗോപിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ലോകസഭ തെരഞ്ഞെടുപ്പിലേക്ക് അനൗദ്യോകികമായി പ്രഖ്യാപിക്കപ്പെട്ട ഏകസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം എന്ന നിലയില്‍ കൂടിയാണ് ഈ വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്.
CONTENT HIGHLIGHTS: Did Mammootty, Prithviraj and Manjuwariyar support Suresh Gopi? The truth in propaganda