പാകിസ്താന്‍ പൗരന്‍മാരെ ഫ്രാന്‍സില്‍ നിന്നും പുറത്താക്കുന്നോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?
World News
പാകിസ്താന്‍ പൗരന്‍മാരെ ഫ്രാന്‍സില്‍ നിന്നും പുറത്താക്കുന്നോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 6:18 pm

പാരീസ്: പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെതിരെ മുസ്‌ലിം രാജ്യങ്ങളില്‍ വന്‍ പ്രതിഷേധം നടക്കവെ പാകിസ്താന്‍ പൗരന്‍മാരില്‍ ചിലരെ ഫ്രാന്‍സില്‍ നിന്നും പുറത്താക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. പാരീസിലെ പാക് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നതെന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് പാക് എംബസി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള വിവരമല്ല ഇതെന്നാണ് എംബസി വ്യക്തമാക്കിയിരിക്കുന്നത്.

പ്രചരിച്ച വാര്‍ത്തയെന്ത്?

പാകിസ്താന്‍ പൗരന്‍മാരായ 183 പേര്‍ക്ക് രാജ്യത്തേക്ക് കടക്കാനുള്ള വിസിറ്റിംഗ് വിസ ഫ്രഞ്ച് സര്‍ക്കാര്‍ റദ്ദാക്കിയെന്നാണ് പുറത്തു വന്ന വാര്‍ത്ത. ഇതില്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്‍ ചീഫായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷുജ പാഷയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

പാക്-ഫ്രാന്‍സ് തര്‍ക്കം

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെതിരെ നിരന്തര പരാമര്‍ശങ്ങള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയിരുന്നു. ഒപ്പം പാകിസ്താന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് മാക്രോണിനെതിരെ നടന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്‌ലാമോഫോബിയക്കെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്താനിലെ ചില സെലിബ്രറ്റികള്‍ വരെ ഫ്രാന്‍സിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.

പാകിസ്താനെ കൂടാതെ തുര്‍ക്കി, ഇറാന്‍, സിറിയ, ഖത്തര്‍, കുവൈറ്റ്, സിറിയ, സൊമാലിയ തുടങ്ങി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെല്ലാം ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Did France revoked pak citizens visa ? what is the truth?