ന്യൂദല്‍ഹി: ഗോധ്ര പോലുളള കലാപം പാക്കിസ്ഥാനിലും സൃഷ്ടിക്കണമെന്ന് മോദിയോട് ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവ് സാധ്വി പ്രാചിയുടെ വീഡിയോ വിവാദമാകുന്നു. ഗോധ്ര കലാപത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് സാധ്വി പ്രാചിയുടെ പ്രസ്താവനയെന്നാണ് സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരടക്കം ആരോപിക്കുന്നത്.
“കൂപ്പുകയ്യോടെ ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്, മിസ്റ്റര്‍ പ്രധാനമന്ത്രി, പാക്കിസ്ഥാനില്‍ ഗോധ്ര പോലൊരു കലാപം നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുകയാണെങ്കില്‍ രാജ്യം മുഴുവന്‍ താങ്കള്‍ക്കു മുമ്പില്‍ തലകുനിക്കും. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കുംവരെ തീവ്രവാദം അവസാനിക്കില്ല.” സാധ്വി പ്രാചി പറഞ്ഞു. സാധ്വി ഇതു പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗോധ്ര കലാപത്തിനുമേല്‍ മോദിയുടെ പങ്ക് പരോക്ഷമായി സ്ഥിരീകരിക്കുന്നാണ് വീഡിയോയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയത്.
” രണ്ട് കാര്യങ്ങളാണ് ബി.ജെ.പി നേതാവ് സാധ്വി പ്രാചി വ്യക്തമാക്കിയിരിക്കുന്നത്. 1) തെരഞ്ഞെടുപ്പിനു മുന്നോടിയായി വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ ചില നാടകങ്ങള്‍ ഒരുക്കുന്നുണ്ട്. 2) ആരാണ് ഗോധ്ര കലാപം ആസൂത്രണം ചെയ്തതെന്ന് അവര്‍ തുറന്നു പറഞ്ഞിരിക്കുന്നു.” മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ ചൂണ്ടിക്കാട്ടുന്നു.
2002 ഫെബ്രുവരിയിലാണ് ഗോധ്ര ട്രെയിന്‍ കത്തിച്ചാമ്പലാക്കിയത്. 60 ഹിന്ദു തീര്‍ത്ഥാടകരായിരുന്നു ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ വന്‍ കൂട്ടക്കുരുതിക്ക് കാരണമായത് ഈ സംഭവമായിരുന്നു. 1200 ലേറെ മുസ്‌ലീങ്ങളായിരുന്നു ഈ കൂട്ടക്കുരുതിയില്‍ ഇല്ലാതായതെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ മോദിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ച ഗോധ്ര സംഭവത്തിനു പിന്നില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കം മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.