|

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് ഡി.ജി.പി പദവിക്ക് വേണ്ടി? റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത് ഡി.ജി.പി പദവിക്ക് വേണ്ടിയാണെന്ന് സംശയമുളളതായി റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ച് ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

കൂടിക്കാഴ്ചയില്‍ ദുരൂഹതയുള്ളതായും അതുമായി ബന്ധപ്പെട്ട ഉള്ളടക്കം സംബന്ധിച്ച് വ്യക്തത ഇല്ലെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എ.ഡി.ജി.പി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്തെ പൊലീസ് സേനയെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കിയെന്നും പരാമര്‍ശമുണ്ട്. ഈ പരാമര്‍ശങ്ങളുടെ പുറത്താണ് അജിത് കുമാറിന്റെ സ്ഥാനം തെറിച്ചതെന്നും ആര്‍.എസ്.എസ് നേതാക്കളുമായി കോവളത്തും തൃശൂരിലും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ ഉള്ളടക്കത്തില്‍ ഡി.ജി.പിക്ക് ചില സംശങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ സംശയങ്ങള്‍ നിഴലിക്കുമ്പോഴും കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു എ.ഡി.ജി.പി അജിത് കുമാര്‍ നല്‍കിയ മൊഴി.

ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സാധൂകരിക്കാന്‍ രാഹുല്‍ ഗാന്ധിയെയും വയനാട്ടില്‍ വെച്ച് സന്ദര്‍ശിച്ചിരുന്നുവെന്ന് എ.ഡി.ജി.പി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ ഡി.ജി.പി പൂര്‍ണമായും തള്ളിയിട്ടുണ്ട്.

ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പിക്കെതിരായ ഗുരുതര സംശയങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.

നിലവില്‍ ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബല്ല, റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതില്‍ നടന്ന അന്വേഷണത്തില്‍ എ.ഡി.ജി.പിയെ സ്ഥലം മാറ്റിയിരിക്കുകയാണ്.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് പൊലീസ് ബറ്റാലിയനിലേക്കാണ് സ്ഥലം മാറ്റിയത്. അജിത് കുമാറിന് പകരം ക്രമസമാധാന ചുമതലയിലേക്ക് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: did adgp meet rss leaders for dgp post? report