| Friday, 21st June 2024, 6:23 pm

സോച്ഛാധിപത്യം അതിരു കടക്കുന്നു; കെജ്‌രിവാളിനെ കാണുന്നത് തീവ്രവാദിയെപോലെ; ഇ.ഡിക്കെതിരെ സുനിത കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ചോദ്യം ചെയ്‌ത ഇ.ഡി നടപടിക്കെതിരെ വിമർശനവുമായി സുനിത കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറെ കാണുന്നത് തീവ്രവാദി എന്ന നിലക്കാണെന്ന് അവർ പറഞ്ഞു.

ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം ലഭിക്കണമെന്ന ആവശ്യത്തിൽ ദൽഹി ജലമന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച സൗത്ത് ദൽഹിയിലെ ഭോഗാലിൽ സംസാരിക്കവെയാണ് സുനിത കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.

‘രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധികളും കടന്നിരിക്കുന്നു. ‘ഇന്നലെയാണ് നിങ്ങളുടെ മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. കെജ്‌രിവാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദി എന്ന നിലക്കാണ് ഇ.ഡി ഇപ്പോൾ അവരോട് പെരുമാറുന്നത്.

രാജ്യത്തെ സോച്ഛാധിപത്യം അതിരു കടന്നിരിക്കുന്നു. ഇ.ഡി ആർക്കും സ്വാതന്ത്ര്യം നല്കാൻ അനുവദിക്കില്ല,’ സുനിത കെജ്‌രിവാൾ പറഞ്ഞു.

ദൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഇ.ഡി ഹരജി നൽകുകയായിരുന്നു. തുടർന്ന് കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി താത്കാലികമായി റദ്ദ് ചെയ്യുകയായിരുന്നു.

മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും അത് വരെ വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് നടപ്പാക്കരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്.

വ്യാഴാഴ്ച വൈകീട്ടാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ജാമ്യത്തെ എതിർത്ത് ഇ.ഡി ഹൈക്കോടതിയിൽ പോയത്.

Content Highlight: ‘Dictatorship has crossed all limits’: Sunita Kejriwal

We use cookies to give you the best possible experience. Learn more