തിരുവനന്തപുരം: എസ്.ഡി.പി.ഐ പിന്തുണയോടെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും പാര്‍ട്ടി അധികാരത്തില്‍ ഉണ്ടെങ്കില്‍ രാജിവെക്കാന്‍ സി.പി.ഐ.എം നിര്‍ദ്ദേശം. വ്യാഴാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെന്ന ആരോപണം യോഗം നിഷേധിച്ചു.
എസ്.ഡി.പി.ഐയുടെ പിന്തുണ സി.പി.ഐഎമ്മിനുണ്ടെന്ന പ്രചാരണം അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്നും സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സി.പി.ഐ.എമ്മിന് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതു മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നു.
അഭിമന്യു വധക്കേസിന് പിന്നാലെ സി.പി.ഐ.എം- എസ്.ഡി.പി.ഐ ബന്ധം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനാത്മകമായി ഉയര്‍ന്നുവന്നിരുന്നു. ഇതാണ് ചര്‍ച്ചക്കിടയാക്കിയത്. തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സി.പി.ഐ.എം അധികാരത്തിലെത്തി എന്ന തരത്തിലായിരന്നു പ്രചാരണം.
സംസ്ഥാനത്ത് എവിടെയും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും അത്തരത്തില്‍ സഖ്യമുണ്ടെങ്കില്‍ രാജിവയ്പിക്കുമെന്ന് നേരത്തേ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.