| Friday, 8th October 2021, 3:09 pm

കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി ; 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; തോല്‍വി പഠിക്കാന്‍ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് കൂട്ട അച്ചടക്ക നടപടിക്കൊരുങ്ങുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അറിയിച്ചു.

നടപടിയുടെ തുടക്കം എന്ന നിലയില്‍ 97 നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രചാരണത്തില്‍ വീഴ്ച വരുത്തിയതായി പരാതി ലഭിച്ച 97 നേതാക്കള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി 58 നേതാക്കള്‍ക്കെതിരെ ലഭിച്ച പരാതികള്‍ പ്രത്യേകം പരിശോധിക്കും.

ഘടകകക്ഷികള്‍ മത്സരിച്ചത് ഉള്‍പ്പെടെ ഒന്‍പതു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും സുധാകരന്‍ അറിയിച്ചു.

ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വി കൂടുതല്‍ വിശദമായി വിലയിരുത്താന്‍

മുന്‍ എം.എല്‍.എമാരായ കെ. മോഹന്‍കുമാര്‍, പി.ജെ. ജോയി എന്നിവരേയും മുന്‍ എം.പി കെ.പി. ധനപാലനേയും ചുമതലപ്പെടുത്തി. സമിതിയുടെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് കൂടുതല്‍ അച്ചടക്ക നടപടിയുണ്ടാവും.

സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറിനില്‍ക്കുന്നതും സജീവമായി പ്രവര്‍ത്തിക്കാത്തതും കര്‍ശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കുന്നതല്ല. നേതാക്കളുടെ സേവ പിടിച്ച് ആര്‍ക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല. പാര്‍ട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സുധാകരന്‍
അഭ്യര്‍ത്ഥിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Diciplinery Action againt congress leaders

We use cookies to give you the best possible experience. Learn more