കൊല്ലം: ഫാര്‍മസി കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇരട്ട നിയന്ത്രണം മാറ്റി ഫാര്‍മസി കോഴ്‌സുകള്‍ ഫാര്‍മസി കൗണ്‍സിലിന് കീഴിലാക്കാന്‍ നീക്കം. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി. നദ്ദ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നിലവില്‍ ഫാര്‍മസി കോഴ്‌സുകള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ഫാര്‍മസി കൗണ്‍സിലിന്റെയും സംയുക്ത നിയന്ത്രണത്തിലാണ്. ഫാര്‍മസി കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റു വാങ്ങേണ്ട സ്ഥിതിയായിരുന്നു. ഇതുമൂലമുണ്ടായ ആശയക്കുഴപ്പം നിരവധി കോടതി കേസുകള്‍ക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫാര്‍മസി കോഴ്‌സുകളെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കി ഫാര്‍മസി കൗണ്‍സിലിന് കീഴില്‍ മാത്രമാക്കി മാറ്റാനുള്ള തീരുമാനം.
നിയമ നിര്‍മ്മാണം പൂര്‍ണമാകുന്നതുവരെ ഫാര്‍മസി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം ഫാര്‍മസി കൗണ്‍സിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തുടരും. ഇരട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ മന്ത്രിതലത്തില്‍ എടുത്ത തീരുമാനം സംബന്ധിച്ച് ഇരുമന്ത്രാലയവും സത്യവാങ്മൂലം സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡി.ഫാം (ഡിപ്‌ളോമ), ബി.ഫാം (ഡിഗ്രി), എം.ഫാം (ബിരുദാനന്തര ബിരുദം) എന്നീ കോഴ്‌സുകള്‍ക്ക് പുറമെ ആറ് വര്‍ഷ ഫാം.ഡി കോഴ്‌സുകളും നടത്തുന്ന രണ്ടായിരത്തിലേറെ സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്.