പോർട്ട്‌ ഫോളിയോക്കായി ഒരുക്കിയ ആ ഗാനം ഇന്നും സ്പോട്ടിഫൈയിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ട്: ദിബു നൈനാൻ തോമസ്
Entertainment
പോർട്ട്‌ ഫോളിയോക്കായി ഒരുക്കിയ ആ ഗാനം ഇന്നും സ്പോട്ടിഫൈയിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ട്: ദിബു നൈനാൻ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 8:09 am

റിലീസ് ചെയ്ത് ഒരുമാസമാകുമ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം. മൂന്ന് കാലഘട്ടത്തിലെ മൂന്ന് കഥാപാത്രങ്ങളായി ടൊവിനോ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് എ.ആര്‍.എമ്മില്‍ പുറത്തെടുത്തത്.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചത്. ത്രീ.ഡിയില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംനേടി. ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ദിബു നൈനാന്‍ തോമസ് ഈണം നല്‍കിയ പാട്ടുകള്‍ പലരുടെയും പ്ലേലിസ്റ്റ് ഭരിച്ചുകൊണ്ടിരിക്കുകയാണ്.

മുമ്പ് സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിൽ ദിബു മലയാളത്തിൽ സംഗീതം നൽകിയിട്ടുണ്ട്. എന്നാൽ എ. ആർ. എമ്മിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനാവുന്നത്.

സൗത്തിന്ത്യയൊട്ടാകെ ഹിറ്റായി മാറിയ ഒറ്റയടി പാതയിലെ, കൺകൾ ഏതോ തുടങ്ങിയ ഗാനങ്ങളെല്ലാം ദിബു നൈനാൻ ഒരുക്കിയതാണ്. കരിയറിലെ തന്റെ ആദ്യ പാട്ടിനെ കുറിച്ച് പറയുകയാണ്. മലയാളികളടക്കം പാടി നടക്കുന്ന ‘നീ കവിതൈകളാം’ എന്ന പാട്ടാണ് താൻ ആദ്യമായി കമ്പോസ് ചെയ്തതെന്നും തന്റെ വീട്ടിലെ സ്റ്റുഡിയോയിൽ വെച്ചാണ് ആ ഗാനം റെക്കോർഡ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

പോർട്ട്‌ ഫോളിയോക്കായി ഒരുക്കിയ ഗാനം ഇന്നും സ്പോട്ടിഫൈയിൽ ടോപ് ലിസ്റ്റിലുണ്ടെന്നും ദിബു പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കരിയറിലെ ആദ്യത്തെ പാട്ടാണ് നീ കവിതൈകളാം എന്ന ഗാനം. പ്രദീപ് കുമാറാണ് അത് പാടിയിട്ടുള്ളത്. അത് റെക്കോർഡ് ചെയ്തത് എന്റെ വീട്ടിൽ വെച്ചാണ്. വീട്ടിൽ ഒരു ചെറിയ സ്റ്റുഡിയോ സ്പേസുണ്ട്.

പ്രൊഫഷണലൊന്നുമല്ല, എന്റെ ആദ്യത്തെ ഒരു ചെറിയ സ്റ്റുഡിയോ സെറ്റപ്പാണ്. അതിനകത്താണ് ആ പാട്ട് റെക്കോർഡ് ചെയ്തത്. എന്റെ വീടിന്റെ ബാക്ക് സൈഡ് വയലാണ്. അവിടെ നിന്ന് ഞങ്ങൾ ഓരോ കാപ്പിയൊക്കെ കുടിച്ചിട്ടാണ് ഈ പാട്ട് വന്ന് റെക്കോർഡ് ചെയ്തത്.

അത് കമ്പോസ് ചെയ്തത് റെക്കോർഡ് ചെയ്യുന്നതിന്റെ കുറച്ച് നാൾ മുമ്പാണ്. സത്യം പറഞ്ഞാൽ ഞാനെന്റെ പോർട്ട്‌ ഫോളിയോക്ക് വേണ്ടി കമ്പോസ് ചെയ്ത പാട്ടായിരുന്നുവത്. അതാണ് സത്യത്തിൽ മരഗധ നാണയം എന്ന സിനിമയിലേക്കുള്ള എൻട്രി.

അത് കേൾപ്പിച്ചപ്പോഴാണ് എനിക്ക് അവസരം കിട്ടിയത്. അതിപ്പോഴും സ്പോട്ടിഫൈയിൽ ബെസ്റ്റ് സോങ്ങുകളുടെ ലിസ്റ്റിൽ ഉണ്ട്,’ദിബു നൈനാൻ പറയുന്നു.

 

Content Highlight: Dibu Nainan Thomas About Nee Kavithakalam Song