| Friday, 3rd May 2019, 2:16 pm

പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ പ്രസംഗത്തിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണു യോഗി ഇക്കാര്യം പറഞ്ഞത്.

‘ജനങ്ങളുടെ മുന്‍പില്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം തുറന്നുകാണിക്കുക എന്നതാണു ഞങ്ങളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസാണോ സമാജ്‌വാദി പാര്‍ട്ടിയാണോ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നു ഞങ്ങള്‍ കാര്യമാക്കാറില്ല. അതിനു തിരിച്ചടിച്ചാല്‍ ഞങ്ങള്‍ ചെയ്തതു തെറ്റാണെന്ന് എന്തിനാണ് പറയുന്നത്?’- യോഗി ചോദിച്ചു.

രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവില്ല. അതു ഞാനെന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചില്ലായിരുന്നെങ്കില്‍ എന്തു ചെയ്‌തേനെയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ സാംബലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ ബാബറിന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിച്ചതിനായിരുന്നു യോഗിക്ക് അവസാനമായി നോട്ടീസ് ലഭിച്ചത്. വര്‍ഗീയ പരാമര്‍ശത്തില്‍ കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്.

Latest Stories

We use cookies to give you the best possible experience. Learn more