സനാ: ഹൂത്തികളുടെ ആക്രമണം ഭയന്ന് ചെങ്കടൽ വഴിയുള്ള യാത്ര നിർത്തിവെച്ച് മറ്റൊരു ആഗോള ഷിപ്പിങ് കമ്പനി.
ഗ്രീസ് ആസ്ഥാനമായ ഡയാന ഷിപ്പിങ് കമ്പനിയാണ് സൂയസ് കനാൽ വഴിയുള്ള ചരക്ക് ഗതാഗതം നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
‘കഴിഞ്ഞ വർഷം ഡിസംബർ ആദ്യ പകുതിയിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതം 40 ശതമാനം ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ഞങ്ങൾ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ പ്രദേശം ഒഴിവാക്കി സഞ്ചരിക്കുന്നതാണ് ഇതിന്റെ ഒരു കാരണം,’ ഡയാന ഷിപ്പിങ് പ്രസിഡന്റ് അനസ്താസിയോസ് മാർഗരോണിസ് നിക്ഷേപകരോടായി പറഞ്ഞു.
അതേസമയം ജലനിരപ്പ് താഴ്ന്നത് കരണം പനാമ കനാൽ വഴിയുള്ള യാത്രകളും കമ്പനികൾ നിർത്തിവെക്കുകയാണ്.
ഇരു കനാലുകളും വഴിയുള്ള ഗതാഗതത്തിലുണ്ടായ ഇടിവ് തുടരുകയാണെങ്കിൽ ആഗോള വിതരണ ശൃംഖല വലിയ ആഘാതം നേരിടുമെന്ന് യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ഡെവലപ്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു.
യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സുപ്രധാന വ്യാപാര പാതയാണ് സൂയസ് കനാൽ. ആഗോള ചരക്കുകളുടെ 12 ശതമാനം ഇതുവഴിയാണ് കടന്നുപോകുന്നത്.
നേരത്തെ ഡാനിഷ് ചരക്ക് ഭീമന്മാരായ മെഴ്‌സ്കും ജർമൻ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയിഡും ചെങ്കടലിലൂടെയുള്ള എല്ലാ യാത്രകളും നിർത്തിവച്ചിരുന്നു.
Content Highlight: Diana Shipping’s vessels avoiding Suez Canal due to Red Sea crisis