Entertainment news
ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വേയ്‌സ് എലോണ്‍; ത്രില്ലടിപ്പിച്ച് എലോണിന്റെ ഡയലോഗ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 15, 07:00 am
Friday, 15th October 2021, 12:30 pm

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന മുപ്പതാമത് ചിത്രം ‘എലോണി’ന്റെ ഡയലോഗ് ടീസര്‍ പുറത്തിറങ്ങി. ‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്പ്പോഴും തനിച്ചാണ്, ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വേയ്‌സ് എലോണ്‍,’ എന്ന ഡയലോഗോടുകൂടിയ ടീസര്‍ യൂട്യൂബില്‍ തരംഗമാവുകയാണ്.

ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം.

ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ മമ്മൂട്ടി നായകനായ കസബയിലും ജഗന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്ക് വീഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിക്കുന്നത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ പുറത്തിറങ്ങിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം.

രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം.

എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോട്, ബിജീഷ് ബാലകൃഷ്ണന്‍.

വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dialogue  Teaser of the film Alone released