| Friday, 10th May 2024, 4:16 pm

ഗവണ്മെന്റ് മാറുന്നതിനനുസരിച്ച് ഞങ്ങളുടെ ഗ്രാമത്തിന്റെ പേരും മാറാറുണ്ട്: ചിരിയില്‍ പൊതിഞ്ഞ് ലാപതാ ലേഡീസ് പറയുന്ന രാഷ്ട്രീയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാന്‍ പറ്റുന്ന സിനിമയാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. ആമിര്‍ ഖാന്‍ നിര്‍മിച്ച ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒ.ടി.ടി. റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഉത്തരേന്ത്യന്‍ ഗ്രാമത്തെ പശ്ചാത്തലമാക്കി 2001ല്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ഒരു ട്രെയിന്‍ യാത്രയില്‍ വെച്ച് രണ്ട് വധുക്കള്‍ പരസ്പരം മാറിപ്പോകുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കോമഡിയുടെ ബാക്ക്ഗ്രൗണ്ടില്‍ ശക്തമായ രാഷ്ട്രീയവും സിനിമ പറയുന്നുണ്ട്. അത്തരത്തിലൊരു ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

സിനിമയില്‍ ജയ എന്ന കഥാപാത്രം പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്ന സമയത്ത് ജയയുടെ ഗ്രാമത്തെക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ ചോദിക്കുന്ന സീനുണ്ട്. സമ്പേല എന്നാണ് ഗ്രാമത്തിന്റെ പേരെന്ന് ജയ പറയുമ്പോള്‍ അങ്ങനെയൊരു ഗ്രാമമില്ല എന്ന് ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കുന്നുണ്ട്.

‘മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ പേര് മാറ്റാറുണ്ട്. ആദ്യം ഇന്ദിരാ നഗര്‍ എന്നായിരുന്നു. പിന്നീട് അടല്‍ നഗര്‍ എന്നാക്കി. ഇപ്പോഴുള്ള ഗവണ്മെന്റാണ് സമ്പേല എന്ന പേരിട്ടത്,’ എന്നാണ് ജയ നല്‍കുന്ന ന്യായീകരണം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസ്ഥ പച്ചയായി ഈ ഡയലോഗിലൂടെ കിരണ്‍ റാവു വരച്ചുകാട്ടുന്നു.

അധികാരം ലഭിച്ചയുടനെ ഓരോ സ്ഥലത്തിന്റെയും പേര് തങ്ങള്‍ക്കിഷ്ടപ്പെട്ടതുപോലെ മാറ്റുന്ന രാഷ്ട്രീയപാര്‍ട്ടികളെ ഈ സീനിലൂടെ സംവിധായിക വിമര്‍ശിക്കുന്നുണ്ട്. അലഹബാദിന്റെ പേര് മാറ്റി പ്രയാഗ് രാജ് എന്ന് മാറ്റിയത് മുതല്‍ ഏറ്റവുമൊടുവില്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി പറഞ്ഞതിനെ വരെ ഈ ഡയലോഗുമായി ചേര്‍ത്ത് വായിക്കാം.

ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ ലാപതാ ലേഡീസ് വളരെ സിംപിളായും അതേസമയം ശക്തമായതുമായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അതുതന്നെയാണ് ഈ സിനിമയെ മികച്ചതാക്കുന്നതും.

Content Highlight: Dialogue in Laapataa Ladies is discussing on social media

We use cookies to give you the best possible experience. Learn more