ഈ വര്‍ഷത്തെ മികച്ച ഫോം തുടരുകയാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ഹോണ്ടുറാസിനെതിരെയുള്ള ഫ്രണ്ട്‌ലീ മത്സരത്തില്‍ രണ്ട് ഗോളാണ് സൂപ്പര്‍ താരം നേടിയത്.
മൂന്ന് ഗോളായിരുന്നു മത്സരത്തില്‍ അര്‍ജന്റീന നേടിയത്. ആദ്യ ഗോള്‍ ലൗറ്റാരോ മാര്‍ട്ടിനെസ് നേടിയപ്പോള്‍ രണ്ടാം ഗോളും മൂന്നാം ഗോളും മെസിയായിരുന്നു സ്വന്തമാക്കിയത്.
തന്റെ ആദ്യത്തെ ഗോള്‍ പെനാല്‍ട്ടിയിലൂടെയാണ് മെസി നേടിയതെങ്കില്‍ രണ്ടാം ഗോള്‍ ബോക്‌സിന് പുറത്ത് നിന്നും തൊടുത്തുവിട്ട മനോഹരമായ ചിപ് ഷോട്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ക്രിയേറ്റീവ് ഗോളടി കണ്ട് ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.
മത്സര ശേഷം മെസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അര്‍ജന്റീനയുടെ കൂടെ മറ്റൊരു മികച്ച വിജയം എന്നായിരുന്നു അദ്ദേഹം അതിന് ക്യാപ്ഷന്‍ നല്‍കിയത്. ഇതിന് മറുപടിയുമായി സഹതാരങ്ങളായ ഡി പോളും പപ്പു ഗോമസും രംഗത്തെത്തിയിരുന്നു. മെസിക്ക് പുതിയ ഇരട്ടപ്പേരിട്ടുകൊണ്ടായിരുന്നു അവര്‍ റിപ്ലൈ ചെയ്തത്.
വെസല്‍ എന്നായിരുന്നു അവര്‍ കമന്റ് ചെയ്തത്. വളരെയധികം ബുദ്ധികൂര്‍മതയും കൗശലശാലിയുമായ ഒരു ജീവി എന്നാണ് ഇതിന്റെ അര്‍ത്ഥം. മെസിയുടെ കളിക്കളത്തിലെ ബുദ്ധിയെ കുറിച്ചാണ് അവര്‍ ഇവിടെ പ്രശംസിക്കുന്നത്.
അതേസമയം, ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിലെ ആദ്യ മിനിട്ട് മുതല്‍ കൃത്യമായി ആധിപത്യം സൃഷ്ടിക്കാന്‍ മെസിക്കും അര്‍ജന്റീനക്കും സാധിച്ചിരുന്നു. ലയണല്‍ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 എന്ന ശൈലിയിലാണ് അര്‍ജന്റീന കളത്തിലെത്തിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്റെ ഗുണം 16-ാം മിനിട്ടില്‍ തന്നെ അര്‍ജന്റീനയ്ക്ക് കിട്ടി.