ഫിഫ ലോകകപ്പ് ഖത്തർ എഡിഷനിൽ അർജന്റീനയെ മുന്നിൽ നിന്നും നയിച്ച് ലോക കിരീടത്തിലേക്ക് എത്തിക്കാൻ മെസിക്കായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമടക്കം ഗോൾഡൻ ബോൾ പ്രകടനം കാഴ്ച വെച്ച താരത്തിന്റെ നേതൃത്വത്തിലാണ് 36 വർഷങ്ങൾക്ക് ശേഷം ബ്യൂണസ് ഐറിസിലേക്ക് അർജന്റൈൻ ടീമിന് കിരീടം എത്തിക്കാൻ സാധിച്ചത്.
എന്നാൽ ലോകകപ്പിൽ കാഴ്ചവെച്ച മിന്നും പ്രകടനം മെസിക്ക് പി.എസ്.ജിയിൽ കാഴ്ച വെക്കാൻ സാധിക്കുന്നില്ലെന്നതിൽ വലിയ പ്രതിഷേധത്തിലാണ് ആരാധകർ. എന്നിരുന്നാലും അടുത്ത ജൂണിൽ കരാറവസാനിക്കുന്ന മെസിയുടെ കരാർ പുതുക്കാനും താരത്തെ ഒരു കൊല്ലം കൂടിയെങ്കിലും ക്ലബ്ബിൽ പിടിച്ചുനിർത്താനുമായി ഫ്രഞ്ച് ക്ലബ്ബ് അധികൃതർ കഠിന പരിശ്രമം നടത്തുന്നുണ്ട്.
എന്നാലിപ്പോൾ പി.എസ്.ജി അധികൃതർ ക്ലബ്ബിൽ എംബാപ്പെക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നും അതിന് പകരം മെസിക്ക് പ്രാധാന്യം കൊടുത്താൽ ക്ലബ്ബിന് ഇനിയും നേട്ടങ്ങളിലെത്താമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അർജന്റൈൻ താരവും യുവന്റസിന്റെ മുന്നേറ്റ നിര താരവുമായ ഏഞ്ചൽ ഡി മരിയ.
ഇ.എസ്.പി.എന് നൽകിയ അഭിമുഖത്തിലാണ് താരം മെസിയെക്കുറിച്ചും പി.എസ്.ജിയെക്കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“ഫ്രാൻസ് എംബാപ്പെക്ക് വേണ്ടതിലധികം പ്രാധാന്യം നൽകുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടുത്തെ ജനങ്ങൾ, അവരുടെ പ്രസിഡന്റ്, പി.എസ്.ജി തുടങ്ങിയവരെല്ലാവരും എംബാപ്പെയെ ബഹുമാനിക്കുന്നുണ്ട്.
അവർ എംബാപ്പെക്ക് എല്ലാവിധ അധികാരവും സ്ഥാനമാനവും നൽകുന്നു. പക്ഷെ നിങ്ങൾ എംബാപ്പെക്ക് കൊടുക്കുന്ന പ്രാധാന്യവും അധികാരവും എംബാപ്പെയുടെ അടുത്ത് നിൽക്കുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു നൽകേണ്ടിയിരുന്നത്. മെസിക്ക് നിങ്ങൾ പ്രാധാന്യം നൽകിയാൽ നിങ്ങളുടെ ക്ലബ്ബിന്റെ അവസ്ഥ തന്നെ മെച്ചപ്പെടും,’ ഡി മരിയ പറഞ്ഞു.
“എംബാപ്പെ ഫ്രഞ്ച് പൗരൻ ആയതിനാലും അവിടെ ജനിച്ചവനായതിനാലുമാവാം ഇത്രയധികം പ്രാധാന്യം അദ്ദേഹത്തിന് ലഭിക്കുന്നത്. കൂടാതെ ഒരു ലോകകപ്പും എംബാപ്പെ നേടിയിട്ടുണ്ടല്ലോ. ഞാൻ പി.എസ്. ജിയിൽ കളിച്ചിട്ടുള്ള അനുഭവത്തിൽ നിന്നും ഒരു കാര്യം വ്യക്തമാക്കാം. അദ്ദേഹം നല്ല പ്ലെയറാണ്. പക്ഷെ പി.എസ്.ജിയെ മാറ്റിമറിക്കാനൊന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല,’ ഡി മരിയ കൂട്ടിച്ചേർത്തു.
അതേസമയം ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പരാജപ്പെട്ട പി.എസ്.ജി ഫെബ്രുവരി 24നാണ് രണ്ടാം പാദ മത്സരത്തിൽ ബയേണിനെ നേരിടുന്നത്. മത്സരത്തിൽ പരാജയപ്പെട്ടാൽ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ഫ്രഞ്ച് ക്ലബ്ബിന്റെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടാൻ ഇനിയും സമയമെടുക്കും.
Content Highlights:Di Maria questions PSG over Lionel Messi treatment compared to Mbappe