| Saturday, 20th July 2024, 9:51 pm

വിരമിച്ച ഡി മരിയ വീണ്ടും അർജന്റീനക്കായി കളിക്കും; മാലാഖയുടെ മായാജാലം അവസാനിക്കുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയിരുന്നു. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടവും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

കോപ്പ അമേരിക്ക വിജയത്തോടെ നീണ്ട വര്‍ഷകാലത്തെ അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി ഡി മരിയയ്ക്ക് ഒരു വിരമിക്കല്‍ മത്സരം നടത്താന്‍ ഒരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം.

2026 ഫിഫ ലോകകപ്പ് യോഗ്യതയില്‍ സെപ്റ്റംബറില്‍ നടക്കുന്ന ചിലിക്കെതിരെയുള്ള മത്സരത്തിലാണ് എയ്ഞ്ചല്‍ ഡി മരിയയെ അര്‍ജന്റീന ടീം ആദരിക്കുക.

വിരമിച്ചതിനുശേഷവും അര്‍ജന്റീന ടീമിനൊപ്പം 11 മിനിറ്റ് ഗ്രൗണ്ടില്‍ പന്ത് തട്ടാന്‍ ഡി മരിയ ആഗ്രഹിക്കുന്നുണ്ടെന്ന് മരിയയുടെ പങ്കാളിയായ ജോര്‍ജ്ജലീനയാണ് ഫുട്‌ബോള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.

റേഡിയോ ലോറസ് എന്ന ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് അലീന ഇക്കാര്യം അറിയിച്ചത്. കോപ്പ അമേരിക്ക ഫൈനല്‍ നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഡി മരിയ വീണ്ടും പന്ത് തട്ടുന്നത് കാണാന്‍ സാധിക്കുമെന്നാണ് ജോര്‍ജലീന പറഞ്ഞത്.

‘ഇതൊരു മികച്ച ആശയമാണ്. കോപ്പ അമേരിക്ക നേരിട്ട് എത്തി കാണാന്‍ കഴിയാതിരുന്ന ജനങ്ങള്‍ക്ക് അദ്ദേഹം വീണ്ടും കളിക്കുന്നത് കാണാന്‍ സാധിക്കും. എനിക്കിത് ഇഷ്ടമാണ് അദ്ദേഹവും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്,’ ജോര്‍ജലീന പറഞ്ഞു.

അര്‍ജന്റീനക്കായി ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരങ്ങളില്‍ ഒരാളാണ് ഡി മരിയ. അര്‍ജന്റീനന്‍ ജനതയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌കലോണിയും സംഘവും വീഴ്ത്തിയപ്പോള്‍ മത്സരത്തിലെ വിജയഗോള്‍ നേടിയത് ഡി മരിയ ആയിരുന്നു.

പിന്നീട് നടന്ന ഇറ്റലിക്കെതിരെയുള്ള ഫൈനല്‍സീമ ടൂര്‍ണമെന്റിലും താരം ഗോള്‍ നേടിയിരുന്നു. 2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെയും അര്‍ജന്റീനയുടെ സ്‌കോര്‍ ഷീറ്റില്‍ തന്റെ പേര് എഴുതി ചേര്‍ക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു.

Content Highlight: Di Maria Play His Last Mtach For Argentina in September

We use cookies to give you the best possible experience. Learn more