| Wednesday, 20th September 2023, 10:47 pm

സൂപ്പര്‍ താരങ്ങള്‍ അഞ്ചുപേര്‍; മനസ് തുറന്ന് ഡി മരിയ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പേര് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ. ബ്ലീച്ചര്‍ റിപ്പോര്‍ട്ടിന് ഡി മരിയ മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

അര്‍ജന്റൈന്‍ ദേശീയ ടീം ക്യാപ്റ്റനും തന്റെ സുഹൃത്തുമായ ലയണല്‍ മെസിയുടെ പേരാണ് ഡി മരിയ ആദ്യം പറഞ്ഞത്. പി.എസ്.ജിയില്‍ മെസിയുടെ സഹതാരമായ കിലിയന്‍ എംബാപ്പെയെയും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഡി മരിയ ഉള്‍പ്പെടുത്തി.

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് ഡി മരിയയുടെ പട്ടികയിലെ മറ്റൊരു താരം. ഇവര്‍ക്ക് പുറമെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയമര്‍ എന്നിവരും ഡി മരിയയുടെ മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടംനേടി

അതേസമയം, ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച പ്രകടനമാണ് ഡി മരിയ കാഴ്ചവെക്കുന്നത്. നിലവില്‍ യുവന്റസിനായി ബൂട്ടുകെട്ടുന്ന താരത്തെ സൈന്‍ ചെയ്യാന്‍ ബാഴ്‌സലോണയടക്കം പല ക്ലബ്ബുകളും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തുകയായിരുന്നു. 2024 കോപ്പ അമേരിക്ക വരെ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ തുടരുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും കരിയര്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നും മരിയ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്ന് ഫൈനലുകളില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഏറ്റവുമൊടുവില്‍ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

2022ലാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്നും ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളുമാണ് താരം റയലിനായി നേടിയത്.

Content Highlights: Di Maria picks the best five players in football

We use cookies to give you the best possible experience. Learn more