| Saturday, 20th May 2023, 5:14 pm

ചില നടന്മാരൊക്കെ വീടിന്റെ വാതില്‍ക്കല്‍ വരെയെത്തും, ഞാന്‍ നേരെ എത്തിയത് അടുക്കളയിലേക്കാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഇന്റര്‍വ്യൂകള്‍ കണ്ട് ഒരുപാട് പേര്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നറിയുമ്പോള്‍ തനിക്കൊരുപാട് സന്തോഷമുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍. കൂടുതലും വീട്ടമ്മമാരും സ്ത്രീകളുമാണ് തന്റെ ഇന്റര്‍വ്യൂകള്‍ കണ്ടാസ്വദിക്കുന്നതെന്ന് എഡിറ്റോറിയല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

‘കണ്ണൂരും കാസര്‍ഗോഡുമൊക്കെ ഷൂട്ടിനുപോയപ്പോള്‍ എന്റെ ഇന്റര്‍വ്യൂകളൊക്കെ കാണാറുണ്ടെന്നും ജോലികളൊക്കെക്കഴിഞ്ഞ് രാത്രി ഇന്റര്‍വ്യൂകളിരുന്ന് കാണുമ്പോള്‍ വളരെ ആശ്വാസമാണെന്നും ഒരുപാട് വീട്ടമ്മമാരും സ്ത്രീകളും എന്നോട് പറഞ്ഞിട്ടുണ്ട്.

ചില നടന്മാരൊക്കെ വീടിന്റെ വാതില്‍ക്കല്‍ വരെയെത്തും. ചിലയാളുകള്‍ വീടിന്റെ ഹാള്‍ വരെയെത്തും. ഞാന്‍ നേരെയെത്തിയത് അടുക്കളയിലാണ്.

ഇന്റര്‍വ്യൂകളും സിനിമാഷൂട്ടിങ്ങുമൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ എന്റെ ഭാര്യയും കൂടെയുള്ളയാളുകളുമൊക്കെ ചോദിച്ചിട്ടുണ്ട്, എന്റെ ഇന്റര്‍വ്യൂ തന്നെ എടുത്ത് കണ്ടുകൂടെയെന്ന്.

പണ്ടുമുതലേ ഞാന്‍ കഥ പറയുന്നതില്‍ മിടുക്കനായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കിടയിലും ഫാമിലിക്കിടയിലും മാത്രമേ ആ കഥപറിച്ചിലുകളുള്ളൂ. എല്ലാ ഇന്റര്‍വ്യൂകളിലും മിക്കവാറും ചോദിക്കുന്നത് അച്ഛനെയും ചേട്ടനെയും കുറിച്ചാണ്.

അവര്‍ രണ്ടുപേരും സിനിമാഫീല്‍ഡിലുള്ള ആളുകളായതുകൊണ്ട് തന്നെ ആളുകള്‍ക്ക് അവരെക്കുറിച്ച് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമുണ്ട് . അച്ഛനെയും ചേട്ടനെയും കുറിച്ചൊക്കെ സംസാരിച്ചതുകൊണ്ടാണ് ആ ഇന്റര്‍വ്യൂകള്‍ക്കൊക്കെ ഇത്രക്കും റീച്ച് കിട്ടിയത്’, ധ്യാന്‍ പറഞ്ഞു.

ജീവിതാനുഭവങ്ങളുണ്ടാകാന്‍ ഒരുപാട് പ്രായമൊന്നുമാകേണ്ട ആവശ്യമില്ലെന്നും ധ്യാന്‍. താന്‍ അച്ഛനെയും അമ്മയെയും ഒരുപാട് വിഷമിപ്പിച്ചയാളാണെന്നും ധ്യാന്‍ പറഞ്ഞു.

‘അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അധികം ആലോചിക്കാറൊന്നുമില്ല. അതിനെയാണ് ഇവരൊക്കെയിപ്പോള്‍ തഗ്ഗ് എന്നൊക്കെ പറയുന്നത്. ഒരിക്കല്‍ എന്നോടൊരാള്‍ കണ്ടപ്പോള്‍തന്നെ പറഞ്ഞു, ‘ധ്യാനേ ഒരു തഗ്ഗ് പറയൂ എന്ന്’. ആരെങ്കിലും എന്നോടെന്തെങ്കിലും വിടുവായത്തരം പറഞ്ഞാല്‍ മാത്രമേ എനിക്കതിനെ കൗണ്ടര്‍ ചെയ്തുകൊണ്ട് സംസാരിക്കാന്‍ പറ്റുള്ളൂ.

അല്ലാതെ, ഒരാള്‍ സീരിയസായിട്ട് ഒരു കാര്യം പറയുമ്പോളൊന്നും എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ല. ഒട്ടും സീരിയസല്ലാത്ത ചോദ്യങ്ങള്‍ക്ക് തഗ്ഗ് മറുപടികള്‍ തന്നെയാണ് നല്ലതെന്ന് തോന്നാറുണ്ട്.

അച്ഛനെയും അമ്മയെയും ഞാന്‍ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഒരുപാട് കഥകള്‍ ഇനിയും പറയാന്‍ ബാക്കിയുണ്ട്. എന്റെ ലൈഫിലുണ്ടായ കഥകളുടെ പത്തുശതമാനം കാര്യങ്ങള്‍ മാത്രമേ ഞാന്‍ വെളിപ്പെടുത്തിയിട്ടുള്ളൂ.

എനിക്ക് പബ്ലിക്കായി പറയാന്‍ പറ്റുന്ന കഥകളേക്കാള്‍ പറയാന്‍ പറ്റാത്ത കഥകളാണ് കൂടുതല്‍. അധികം വര്‍ഷം ജീവിക്കുകയൊന്നും വേണ്ട കുറേ കഥകള്‍ ജീവിതത്തിലുണ്ടാവാന്‍. തല്ലിപ്പൊളിയായിട്ട് കുറച്ചുകാലം ജീവിച്ചാല്‍ മതി(ചിരിക്കുന്നു)’, ധ്യാന്‍ പറഞ്ഞു.


Content Highlights: Dhyan Sreenivasan about his interviews

Latest Stories

We use cookies to give you the best possible experience. Learn more