| Wednesday, 14th March 2018, 6:10 pm

ധ്യാന്‍ചന്ദ്, നെവില്‍ ഡിസൂസ, മേവലാല്‍, ഐ.എം വിജയന്‍...; കായിക ഇന്ത്യയുടെ നന്ദികേടിന്റെ കഥകള്‍

മുഹമ്മദ് ജാസ്

കായിക താരങ്ങള്‍ അവഗണിപ്പെടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. ഇന്ത്യയില്‍ എന്ന് സ്പോര്‍ട്സിന് തുടക്കമായോ അന്നു മുതല്‍ തുടങ്ങിയതാണ് ഈ പ്രശ്നം. അതിന്റെ ഇരകള്‍ ഓരോ ദിവസവും മാറി മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. ജീവിച്ചിരിക്കുമ്പോള്‍ പലപ്പോഴും വിലകല്‍പ്പിക്കാത്ത പല കായിക താരങ്ങള്‍ക്കും മരണ ശേഷം മരണാനന്തര ബഹുമതി നല്‍കും, അതാണ് പതിവ്. അതില്‍ ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഓഗസ്റ്റ് -29 ദേശീയ കായിക ദിനം. എന്താണ് ഓഗസ്റ്റ് 29 തന്നെ ദേശീയ കായിക ദിനമായി തിരഞ്ഞെടുക്കാന്‍ കാരണം ? അതിന്റെ ഉത്തരം ആ ദിവസമാണ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഹോക്കി താരം ധ്യാന്‍ഛന്ദ് ജനിച്ചതെന്നാണ്. കായിക താരങ്ങള്‍ക്കുള്ള ദേശീയ ബഹുമതികള്‍ നല്‍കുന്നതും ആ ദിവസം തന്നെ. സദാ പട്ടാളക്കാരനായി ജീവിച്ച ധ്യാന്‍ഛന്ദിന് ഹോക്കിയില്‍, ഫുട്ബോളില്‍ പെലെക്കും മറഡോണയ്ക്കും, ക്രിക്കറ്റില്‍ ബ്രാഡ്മാനും സച്ചിനും നല്‍കുന്ന അതേ സ്ഥാനമാണ് . പക്ഷേ ഇന്ത്യയില്‍ ഹോക്കി മാന്ത്രികന് ആ സ്ഥാനം ഒരിക്കലും ലഭിച്ചിരുന്നില്ല. പട്ടാളത്തില്‍ അദ്ദേഹം വെറും ശിപ്പായി മാത്രമായിരുന്നു.

ഇന്ത്യയ്ക്ക് ഒളിംപിക്സ് ഹോക്കിയില്‍ ഹാട്രിക്ക് സ്വര്‍ണം നേടിത്തന്ന ധ്യാന്‍ഛന്ദിന്റെ സൈന്യത്തിലെ സ്ഥാനമറിഞ്ഞ് സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഇങ്ങനെ പറഞ്ഞു ” ജര്‍മനിയില്‍ ആയിരുന്നെങ്കില്‍ താങ്കളെ ഞാന്‍ മേജര്‍ ആക്കിയേനെ”. ധ്യാനെ ഹിറ്റ്‌ലര്‍ ജര്‍മനിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആ ക്ഷണം അദ്ദേഹം നിരസിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍ പോലും ഓസ്ട്രേലിയന്‍ കോച്ചായി വലിയ ശമ്പളത്തിന് ജോലി വാഗ്ദാനം ലഭിച്ചപ്പോള്‍ ധ്യാനിന്റെ മറുപടി ഇങ്ങനെയായിരുന്നു “എന്റെ ശിക്ഷണത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തുന്നത് കാണാന്‍ എനിക്ക് ഇഷ്ടമില്ല”.

പക്ഷേ ഓര്‍ക്കുക, കരളിന് അര്‍ബുദം പിടിപ്പെട്ട് ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധ്യാനിന് നല്‍കിയത് ജനറല്‍ വാര്‍ഡാണ്. പ്രത്യേക വാര്‍ഡിനായുള്ള അപേക്ഷകള്‍ പോലും നിരസിക്കപ്പെട്ടു. മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് പെന്‍ഷനായി പ്രതിമാസം കിട്ടിയത് വെറും 400 രൂപയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തെ പോറ്റാന്‍ ധ്യാന്‍ ഏറെ കഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു മോട്ടാര്‍ സൈക്കിള്‍ വാങ്ങണം എന്നായിരുന്നു. പണക്കുറവുമൂലം അദ്ദേഹം വാങ്ങിയത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് മാത്രം.

മെല്‍ബണ്‍ ഒളിംമ്പിക്സ് ഫുട്ബോളില്‍ ഹാട്രിക്ക് നേടിയ നെവില്‍ ഡിസൂസയെ റോം ഒളിംമ്പിക്സ് ടീമില്‍ നിന്നും തഴഞ്ഞിരുന്നു. ഇന്ത്യന്‍ ക്യാമ്പിലേക്കുപോലും അദ്ദേഹത്തെ ക്ഷണിച്ചില്ല. 1959 ലെ സന്തോഷ് ട്രോഫിയിലും റേലേഴ്സ് കപ്പിലും ഏറെ തിളങ്ങിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അവഗണനയില്‍ മനംനൊന്ത് 1963കളോടെ നെവില്‍ ബൂട്ടഴിച്ചു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന് പെന്‍ഷന്‍ പോലും നല്‍കിയില്ല. മരണശേഷം ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഫുട്ബോള്‍ മേലാളന്മാര്‍ പോലും എത്തിയില്ല.

രണ്ട് ഒളിംമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടി, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച പ്രശസ്ത താരം മേവലാലിന്റെ ശേഷിച്ച ജീവിതം കൊല്‍ക്കത്തയില്‍ ഒരു പഴയ വീടിന്റെ ഇടുങ്ങിയ മുറിയിലായിരുന്നു.

മേവലാല്‍, നെവില്‍ ഡിസൂസ

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഡിഫന്‍ഡറും ഹെല്‍സിങ്ക ഒളിംമ്പിക്സ് നായകനുമായ മന്നയ്ക്ക് സ്വന്തമായ കിടപ്പാടം പോലും ഇല്ലായിരുന്നു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വാടകക്കാരനായിരുന്നു മന്ന.

ഒളിംമ്പ്യന്മരായിരുന്ന മുഹമ്മദ് സുല്‍ഫീക്രുദ്ദീന്റെയും ജെന്ദ്രപ്രസാദിന്റെയും നൂര്‍ഖാന്റെയും പ്രഗല്‍ഭ പരിശീലകന്‍ എസ്.എ റഹീമിന്റെയും സ്ഥിതി തീര്‍ത്തു നിരാശാജനകമായിരുന്നു.

കേരളത്തില്‍ ഐ.എം വിജയന് സംഭവിച്ചതും ഇത് പോലെ ഒരു പ്രശ്നമാണ്. ഈ താരത്തെ അറിയാത്തവരായി ഇന്ത്യയില്‍ ആരുമില്ല. ഇന്ത്യയില്‍ ഫുട്ബോള്‍ ഇതിഹാസങ്ങളുടെ പേര് നോക്കുമ്പോള്‍ അതില്‍ വിജയനുമുണ്ട്, ആരോ പറഞ്ഞത് പോലെ ആനയ്ക്ക് അറിയില്ല ആനയുടെ വലിപ്പം. ആ താരത്തിന് ഐ.എസ്.എല്‍. മത്സരം കാണാന്‍ സംഘാടകര്‍ നല്‍ക്കിയതോ വെറും സാധാരണക്കാരനു നല്‍കുന്ന ടിക്കറ്റ്.

എന്നാല്‍ സിനിമ താരങ്ങള്‍ക്കും കളിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും നല്‍കുന്നത് വി.ഐ.പി ടിക്കറ്റുകള്‍. അന്ന് ആ അവഗണനയ്ക്ക് ശേഷം വിജയന്‍ ഇങ്ങനെ പറഞ്ഞിരുന്നു, “ഒരു പക്ഷേ ഈ മത്സരം കൊല്‍ക്കത്തയിലാണെങ്കില്‍ എനിക്ക് അനായാസം വി.ഐ.പി ടിക്കറ്റ് ലഭിച്ചേനെ”. അതെ, അത് ശരിയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഗോകുലം കേരള എഫ്.സി മത്സരം കാണാന്‍ കൊല്‍ക്കത്തയില്‍ നിന്ന് നിരവധി ആരാധകര്‍ എത്തിയിരുന്നു.

മത്സരത്തിന്റെ ഇടവേളയിലാണ് വിജയന്‍ സ്റ്റേഡിയത്തിലെത്തുന്നത്. അലസമായിരുന്ന പവലിയന്‍ പെട്ടെന്ന് ബഹുമാനത്തോടെ ഒരു നിമിഷം എഴുന്നേറ്റു. എന്താണെന്നറിയാന്‍ നോക്കുമ്പോള്‍ വിജയനെ പൊതിഞ്ഞ് നില്‍ക്കുന്ന ആരാധകരെയാണ് ഞാന്‍ കണ്ടത്. മോഹന്‍ ബഗാന്റെ കുപ്പായമണിഞ്ഞ് കളികാണാനെത്തിയ ഒരു ഫാമിലിയിലെ പത്തോ പതിനോന്നോ വയസ്സ് പ്രായം ഉള്ള കുട്ടി അച്ഛനോട് ചോദിച്ചത് ആരാണ് ഡാഡി ആയാളെന്നാണ്. അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു, “അത് ഒരു ഫുട്ബോള്‍ ഇതിഹാസമാണ്”. ശേഷം വിജയനുമൊത്ത് സെല്‍ഫിയെടുക്കാന്‍ ആ അച്ഛനും മകനും ഓടി. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി, ഇതിഹാസങ്ങളെ തിരിച്ചറിയുന്ന ഒരാളെങ്കിലും ജീവിച്ചിരിപ്പുണ്ടല്ലോ…

ഇങ്ങനെയായാല്‍ എങ്ങനെ നമ്മുടെ നാട്ടിലെ കളി രക്ഷപ്പെടും?, കളിക്കാരെ മറന്ന് കളി അറിയാത്ത സംഘാടകര്‍, അവര്‍ക്കെന്ത് ഇതിഹാസങ്ങള്‍? അവര്‍ക്ക് എല്ലാ മത്സരങ്ങളും ബിസിനസ്സാണ്. അതിന് വേണ്ടത് സിനിമാതാരങ്ങളെയാണ്, അല്ലാതെ കളിക്കളത്തിലെ ഇതിഹാസങ്ങളേയല്ല. ഈ നിലപാട് മാറാതെ നമ്മുടെ കായിക ലോകത്തിന് ഒരു രക്ഷപ്പെടലില്ല.

മുഹമ്മദ് ജാസ്

We use cookies to give you the best possible experience. Learn more