| Monday, 17th April 2023, 8:13 pm

അന്ന് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു; ഇവനോ എന്ന രീതിയില്‍ സാര്‍ എന്നെ നോക്കി: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോളേജില്‍ പഠിക്കുമ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പഠിക്കുന്ന സമയത്ത് ക്ലാസ് റെപ്പാകാന്‍ തീരുമാനിച്ചതിനെ കുറിച്ചാണ് താരം പറഞ്ഞത്. കൂട്ടുകാരന്റെ നിര്‍ബന്ധപ്രകാരമാണ് മത്സരിക്കാന്‍ തയ്യാറായതെന്നും ഇത് കേട്ട ക്ലാസ് ടീച്ചര്‍ ഇവനോ എന്ന മട്ടില്‍ തന്നെ നോക്കിയെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ഞാന്‍ കോളേജിലൊക്കെ പോകുന്നുണ്ടെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അത് പറഞ്ഞപ്പോഴാണ് ഞാന്‍ ഓര്‍ത്തത്, പല പിള്ളേരും എനിക്ക് നല്‍കിയിരിക്കുന്നത് ഒരു ബാക് ബെഞ്ചര്‍ ഇമേജാണ്. എന്നാല്‍ ഞാന്‍ പറയുകയാണ് ശരിക്കും ഞാന്‍ അങ്ങനെയായിരുന്നില്ല. കാരണം ഞാന്‍ കോളേജില്‍ പോയിരുന്നില്ല. പോയാലല്ലേ ബാക് ബെഞ്ചറാകാന്‍ പറ്റൂ.

കോളേജിലും സ്‌കൂളിലുമൊക്കെ പോയിരുന്ന സമയത്തും ഞാന്‍ മുന്‍ ബെഞ്ചിലായിരുന്നു ഇരുന്നത്. മുന്‍ ബെഞ്ചിലിരുന്നാല്‍ ചോദ്യം ചോദിക്കില്ലല്ലോ. ബാക്‌ബെഞ്ചില്‍ ഇരിക്കുന്നവനോടാണല്ലോ ചോദ്യം ചോദിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ പുറകില്‍ ഇരിക്കുന്നവന്മാര്‍ മണ്ടന്‍മാരാണ്. ഞാന്‍ ഏറ്റവും മുന്നിലിരുന്ന് അലമ്പി കൊണ്ടിരുന്നയാളാണ്.

കോളേജില്‍ മൂന്ന് മാസമാണ് ഞാന്‍ പോയത്. പിന്നെ മൂന്നര കൊല്ലം ഞാന്‍ പോയില്ല. പിന്നെ കോളേജില്‍ പോയ മൂന്ന് മാസത്തിനിടെ ഞാന്‍ ക്ലാസ് റെപ്പായിരുന്നു. അത് എങ്ങനെ ആയി എന്നുള്ളതാണ് ചോദ്യം. ഞാന്‍ ഒരു ദിവസം ക്ലാസില്‍ പോവുകയായിരുന്നു. ഏഴരക്കായിരുന്നു ക്ലാസ്. ഞാനാണെങ്കില്‍ അടിച്ച് ഫിറ്റായിട്ട് അവിടെ കിടന്നുറങ്ങി പോയി.

ഞാന്‍ ക്ലാസ് തുടങ്ങി കഴിഞ്ഞാണ് അവിടെയെത്തിയത്. അപ്പോള്‍ ക്ലാസ് സാര്‍ നന്നായി പഠിക്കുന്ന മൂന്നാളുകളെ അവിടെ എണീപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. റെപ്പാക്കാന്‍ വേണ്ടിയാണ് അവിടെ നിര്‍ത്തിയിരിക്കുന്നത്. അവിടേക്ക് ഞാന്‍ കയറി ചെല്ലുമ്പോഴാണ് ഇനി ആര്‍ക്കെങ്കിലും റെപ്പാകണോ എന്ന് സാര്‍ ചോദിക്കുന്നത്. അന്ന് എന്റെ കൂടെയിരുന്നവന്‍ എന്റെ കൈ പൊക്കിപിടിച്ച് സാര്‍ എന്ന് വിളിച്ചു.

ഞാന്‍ പതുക്കെ അവനെ നോക്കി. നില്‍ക്ക് നില്‍ക്ക് സപ്പോര്‍ട്ട് ഉണ്ടെന്ന് അവന്‍ പറഞ്ഞു. ഞാന്‍ പതിയെ എണീറ്റ് നിന്നപ്പോള്‍ തന്നെ ഇവനോ എന്ന രീതിയില്‍ സാര്‍ എന്നെ നോക്കി. കാരണം ആദ്യത്തെ ഒരു മാസം തന്നെ നാലഞ്ച് ദിവസം ഞാന്‍ പോയിട്ടില്ല. അങ്ങനെയാണ് ഞാന്‍ മത്സരിക്കുന്നത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: dhyana sreenivasan share college memories

We use cookies to give you the best possible experience. Learn more