ജയിലര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദത്തെ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിച്ചത് തിരിച്ചടിയായെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പേര് ഒരുപോലെയായപ്പോള്‍ സംവിധായകന്‍ അതിനെ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിച്ചെന്നും അത് ആളുകളില്‍ പ്രതീക്ഷയുണ്ടാക്കിയെന്നും ധ്യാന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറച്ച് ഓഫ് ബീറ്റായിരുന്നു എന്റെ ജയിലര്‍. പേര് ഒരുപോലെയായപ്പോള്‍ സംവിധായകന്‍ അതിനെ ഒന്ന് മാര്‍ക്കറ്റ് ചെയ്തു. ആ മാര്‍ക്കറ്റിങ് തന്നെയാണ് ഒരു പരിധി വരെ തിരിച്ചടിയായത്. ഞാനത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവര്‍ക്കും അത് അറിയാം. ഇതൊരു കൊമേഴ്‌സ്യല്‍ സിനിമയുടെ മീറ്ററില്‍ പോകുന്ന സിനിമയല്ല. ഫെസ്റ്റിവലിന് ഒക്കെ അയക്കാന്‍ പറ്റുന്ന കുറച്ച് ഓഫ് ബീറ്റായിട്ടുള്ള സിനിമയാണ്.
എന്നാല്‍ ഇതുപോലെയൊരു വലിയ സിനിമയുടെ കൂടെ മത്സരിച്ചപ്പേള്‍ സ്വഭാവികമായി ഒരു മാര്‍ക്കറ്റിങ്ങായി അവര്‍ അതിനെ കാണ്ടു. അതുകൊണ്ട് എല്ലാവരും ആ പടം അറിഞ്ഞു. എല്ലാവരും അറിഞ്ഞുകഴിഞ്ഞാല്‍ പ്രശ്‌നമല്ലേ, അതും എന്റെ പടം. അങ്ങനെ ഒരു ട്രിക്ക് യൂസ് ചെയ്തപ്പോള്‍ ഇത് എന്തോ സംഭവമാണെന്ന് വിചാരിച്ച് കുറച്ച് പേരെങ്കിലും കാണാന്‍ പോയി. പക്ഷേ അത് തിരിച്ചടിയായി.
ആ സിനിമയുടെ ടോണില്‍ കണ്ട് കഴിഞ്ഞാല്‍ ഒക്കെയാണ്. 1954, 53 കാലഘട്ടത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന പടമാണ്. അങ്ങനെയുള്ള പടം ഒരു കൊമേഴ്‌സ്യല്‍ സിനിമയോടൊപ്പം മത്സരിക്കാന്‍ പോവുമ്പോള്‍ പര്‍പ്പസിനെ മീറ്റ് ചെയ്യുക എന്നൊരു ഘടകം കൂടിയുണ്ടല്ലോ. വേറെ ഒരു രീതിയില്‍ അംഗീകാരം കിട്ടാന്‍ സാധ്യതയുള്ള സിനിമയാണ്, ഫെസ്റ്റിവലുകള്‍ക്കോ മറ്റോ അയച്ചിരുന്നെങ്കില്‍. അങ്ങനെയൊരു ഉദ്ദേശ്യത്തോട് കൂടിയാണ് ആ സിനിമ ചെയ്തത്.
പിന്നീട് പേര് തമ്മില്‍ സാമ്യം വന്നപ്പോള്‍ മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗിച്ചു. അതില്‍ എനിക്ക് പങ്കില്ല. അത് സംവിധായകന്റെ തീരുമാനമായിരുന്നു. പിന്നെ ലീഗല്‍ ഇഷ്യു വന്നപ്പോള്‍ മാര്‍ക്കറ്റ് ചെയ്തു. ഇതൊക്കെ കണ്ടപ്പോള്‍ എന്തോ വലിയ സംഭവമാണെന്ന് ആളുകള്‍ വിചാരിച്ചുകാണും,’ ധ്യാന്‍ പറഞ്ഞു.
പേരിലെ സാമ്യത്തിന്റെ പേരില്‍ തമിഴിലെയും മലയാളത്തിലെയും ജയിലറിന്റെ അണിയറപ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ തമിഴ് ജയിലറിനൊപ്പം തിയറ്ററില്‍ എത്താനിരുന്ന മലയാളം ജയിലര്‍ റിലീസ് മാറ്റിവെക്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
പിന്നീട് തന്റെ പേരില്‍ മലയാളം ജയിലര്‍ കാണാന്‍ പോയവര്‍ക്ക് കാശ് തിരിച്ച് കൊടുക്കാന്‍ തയാറാണെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
തന്റെ അഭിമുഖങ്ങള്‍ കണ്ട് ആരും സിനിമ കാണാന്‍ പോകരുതെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്ത് റിപ്പോര്‍ട്ടുകള്‍ അറിഞ്ഞ ശേഷമേ സിനിമയ്ക്ക് പോകാവൂ. വലിയൊരു നടനായി പേരെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങള്‍ക്കൊരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടെന്നുമാണ് ധ്യാന്‍ പറഞ്ഞത്.
Content Highlight: Dhyan Srinivasan says that using the controversy associated with Jailer for marketing has backfired