| Sunday, 7th August 2022, 8:13 am

കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമ ഇറങ്ങിയില്ല, ചരിത്രത്തില്‍ ആദ്യത്തെ സംഭവം: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന്‍. കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്നും വലിയ സിനിമകള്‍ക്കല്ലാതെ ഇപ്പോള്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്നില്ലെന്നും ധ്യാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സായാഹ്നവാര്‍ത്തകള്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.

‘മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്. കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ചിട്ട് ആരും സിനിമ ഇറക്കിയില്ല. ഒന്ന് തിയേറ്ററുകള്‍ ഇല്ല. രണ്ട്, ഈ സിനിമകള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് ലിസ്റ്റിന്‍ ചേട്ടനും രാജുവും. അവരും ഇവിടുത്തെ പ്രൊഡ്യൂസേഴ്‌സ് ആണ്. ഈ സിനിമകളുടെ കൂടെ മലയാള സിനിമ ഇറക്കാന്‍ ഭയപ്പെട്ടു. നാളെ ഓണത്തിന് ഇതുപോലെ കെ.ജി.എഫ് മൂന്നാം ഭാഗമോ അല്ലെങ്കില്‍ കെ.ജി.എഫ് പോലെയൊരു സിനിമയോ വന്നാല്‍ മലയാള സിനിമ റിലീസ് ഇല്ലാത്ത അവസ്ഥ വരും ഭാവിയില്‍.

നമ്മുടെ ഓഡിയന്‍സ് എല്ലാ സിനിമയും കാണും. ഇതേ സ്വീകാര്യത മലയാള സിനിമക്ക് തമിഴില്‍ അനുവദിക്കില്ല. അവിടുത്തെ ഒരു ഡിസ്ട്രിബ്യൂട്ടര്‍ ഇതുപോലെ ഒരു മലയാളം സിനിമ പ്രൊമോട്ട് ചെയ്ത് റിലീസ് ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. പക്ഷേ ഇവിടെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാം. ഇവിടുത്തെ ഓഡിയന്‍സും ആ രീതിയില്‍ ഒപ്പണാണ്,’ ധ്യാന്‍ പറഞ്ഞു.

‘വരുന്ന സിനിമകളില്‍ ഒരു വൗ ഫാക്റ്ററില്ലെങ്കില്‍, എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു ഘടകമില്ലെങ്കില്‍ ഇപ്പോള്‍ ആള് പോവില്ല. ബേസിക്കലി വലിയ സിനിമകള്‍ക്ക് മാത്രമേ ആളുള്ളൂ. വലിയ സിനിമകള്‍ എന്ന് പറഞ്ഞാല്‍ വലിയ കാന്‍വാസിലെടുക്കുന്ന തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്ക് മാത്രമേ മലയാളി ഓഡിയന്‍സ് അടക്കം പോവുന്നുള്ളൂ. അതാണ് സത്യാവസ്ഥ.

ഒരാഴ്ചയുടെ വ്യത്യാസത്തില്‍ മൂന്നും നാലും സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. രണ്ടും മൂന്നും വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമകളാണ്. ഒരു സിനിമക്ക് ഒരാഴ്ചയില്‍ കൂടുതല്‍ റണ്‍ കിട്ടുന്നില്ല. പഴയ പോലെ ചെറിയ സിനിമകള്‍ക്കൊന്നും ഇപ്പോള്‍ തിയേറ്റര്‍ ഷെയര്‍ കിട്ടുന്നില്ല.

ഇനി അങ്ങോട്ട് ഒരു 50 ദിവസം ഓടിയ സിനിമ എന്നൊരു കണ്‍സെപ്റ്റ് ഇല്ല. കാരണം 30, 35 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒ.ടി.ടിയിലേക്ക് സിനിമ വരും. മലയാളം സിനിമക്ക് ഇപ്പോള്‍ പ്രതിസന്ധിയുണ്ട്. ചെറിയ സിനിമകള്‍ക്ക് നല്ല അഭിപ്രായം ലഭിച്ച് ആള് കേറുമ്പോഴേക്കും അടുത്ത റിലീസാവും. കൊവിഡ് കഴിഞ്ഞുണ്ടായ ഒരു സ്ഥിതി ആണിത്. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Srinivasan says no Malayalam film released in this Vishu due to fear of KGF and Beast

We use cookies to give you the best possible experience. Learn more