| Friday, 15th September 2023, 11:43 am

ലുക്മാന്റെ ആ സിനിമ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയതാണ്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് വന്ന ഒരു സിനിമയും ഇതുവരെ റിജക്ട് ചെയ്തിട്ടില്ല എന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് വന്ന പല സിനിമകളും ചെയ്യാന്‍ സാധിക്കാത്തതെന്ന് ധ്യാന്‍ പറഞ്ഞു. സിനിമയെന്നാല്‍ തനിക്ക് സൗഹൃദങ്ങളാണെന്നും ഓടാത്ത സിനിമ ആണെന്ന് അറിയാമെങ്കിലും സുഹൃത്തുക്കള്‍ വിളിച്ചാല്‍ പോകുമെന്നും ധ്യാന്‍ പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് വന്ന സിനിമകള്‍ ഒന്നും ഞാന്‍ റിജക്ട് ചെയ്തിട്ടില്ല. ഡേറ്റിന്റെ പ്രശ്‌നം കാരണം ചെയ്യാന്‍ പറ്റാതെ പോയതാണ്. അതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. കൊറോണ ധവാന്‍ ഉള്‍പ്പെടെയുള്ളവ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളാണ്.

കുഞ്ഞിരാമായണവും അടി കപ്യാരേയും എന്റെ ചോയിസ് നന്നായത് കൊണ്ടല്ല ചെയ്തത്. ബേസിലായതുകൊണ്ടാണ് കുഞ്ഞിരാമായണം ചെയ്തത്. സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാണ് അടി കപ്യാരേ ചെയ്തത്. ചോയിസ് എനിക്ക് അന്നുമില്ല. ഈ സിനിമ ഓടിയപ്പോള്‍ ധ്യാനിന്റെ ചോയിസ് നല്ലതാണല്ലോ എന്ന് ആരും ചോദിച്ചിട്ടില്ല.

എന്റെ ചോയിസില്‍ ഞാന്‍ ഇന്നേ വരെ സിനിമ ചെയ്തിട്ടില്ല. എന്റെ ചോയിസില്‍ ഒരു സിനിമ സംവിധാനം ചെയ്തു. ഇഷ്ടപ്പെട്ട് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, നദികളില്‍ സുന്ദരി യമുന എന്ന സിനിമയില്‍ പോലും. പരിചയമുള്ള ഒരാള്‍ വരുന്നു. ആ കഥയുടെ ഐഡിയ മാത്രം ഞാന്‍ കേള്‍ക്കുന്നു. കമ്മിറ്റ് ചെയ്തതിന് ശേഷമാണ് ഞാന്‍ കഥ വായിക്കുന്നത് പോലും. അനീഷ് വിളിച്ച് കഥ നല്ലതാണല്ലോ എന്ന് പറഞ്ഞു. അപ്പോഴാണ് കഥ നല്ലതാണല്ലോ എന്ന് ഞാന്‍ അറിയുന്നത്.

പത്ത് വര്‍ഷത്തിനിടക്ക് കഥ ഇഷ്ടപ്പെട്ടിട്ടല്ല ഞാന്‍ സിനിമ ചെയ്യുന്നത്. ‘തിര’യുടെ കഥ എനിക്ക് മുഴുവനും അറിയില്ലായിരുന്നു. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമ കഥ അറിഞ്ഞിട്ടല്ല കമ്മിറ്റ് ചെയ്തത്. അതിലെ എന്റെ കഥാപാത്രം എന്താണെന്ന് പോലും അറിയില്ല. പക്ഷേ ഏട്ടന്റെ പടമാണ്. ഞാന്‍ ചെയ്യും. ബേസിലിന്റെ പടം ഞാന്‍ ചെയ്യും. സുഹൃത്തായ അസോസിയേറ്റ് വിളിച്ചാല്‍ ഞാന്‍ പോയി ചെയ്യും.

സിനിമയെന്നാല്‍ എനിക്ക് സൗഹൃദങ്ങളാണ്. ഒരാള്‍ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ പറയും, ഇത് ഓടൂല്ല, പക്ഷേ പടം ചെയ്യാമെന്ന്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Srinivasan said that he has not rejected any film that came to him

We use cookies to give you the best possible experience. Learn more