| Friday, 13th May 2022, 4:57 pm

'എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്, ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്'; മീ ടൂവിനെ പറ്റി അധിക്ഷേപ പരാമര്‍ശവുമായി ധ്യാന്‍ ശ്രീനിവാസന്‍; പ്രതിഷേധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നത്.

മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടൂവിനെതിരെ ധ്യാനിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.

ധ്യാനിന്റെ മീ ടൂ പരാമര്‍ശമാണ് അഭിമുഖത്തിന്റെ തമ്പ്‌നെയ്‌ലിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ തുറന്നുപറച്ചില്‍ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്‌മെന്റിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അപഹസിച്ചത് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Dhyan Sreenivasan plays a cop in Sathyam Mathrame Bodhippikku- Cinema express

റിലീസിനൊരുങ്ങുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നും എന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മീ ടൂ വിനെതിരെ പരാമര്‍ശമുയര്‍ന്നതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.

അടുത്തിടെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതുമുഖ നടി ലൈംഗിക പീഡന പരാതി നല്‍കുകയും പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ചര്‍ച്ചയായിരിക്കെയാണ് ധ്യാനിന്റെ വിവാദ പരാമര്‍ശം.

കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ പിടി കൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Content Highlight: dhyan Srinivasan’s remarks against Me Too Movement come under criticism on social media

We use cookies to give you the best possible experience. Learn more