സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം ഒരു വേദി കിട്ടിയപ്പോള്‍ ആളാകാന്‍ നോക്കിയത് പോലെ തോന്നിയെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അലന്‍സിയറിന് അങ്ങനെ ഒരു അഭിപ്രായമുണ്ടായിരുന്നു എങ്കില്‍ ആ പരിപാടിക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാന്‍ പറഞ്ഞു. തന്റെ പുതിയ സിനിമയായ നദികളില്‍ സുന്ദരി യമുനയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
‘ അലന്‍സിയര്‍ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കില്‍ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാന്‍ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു സ്‌റ്റേജ് കിട്ടുന്ന സമയത്ത് ചിലര്‍ക്ക് ഒന്ന് ആളാകാനും, ഷൈന്‍ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
അതേസമയം എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത് എന്ന ചോദ്യത്തിന് താനല്ലല്ലോ നടപടിയെടുക്കേണ്ടത് എന്നും ധ്യാന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ സ്റ്റേറ്റ്‌മെന്റ് നടത്തിയത് എന്നും നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാനല്ലല്ലോ നടപടിയെടുക്കേണ്ടത്. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. സ്റ്റേറ്റ് അവാര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഇതുപോലൊരു സ്‌റ്റേറ്റ്‌മെന്റ് നടത്തിയാല്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമല്ലേ. ആക്ഷന്‍ എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമ നദികളില്‍ സുന്ദരി യമുന തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
CONTENT HIGHLIGHTS: Dhyan Srinivasan reacts to Alencier’s remark at the film awards satge